ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി കാനഡയിൽ നിന്നുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

By: 600110 On: Jul 2, 2025, 3:00 PM

കാനഡയിൽ നിന്ന് ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി ആദ്യ കപ്പൽ യാത്ര തുടങ്ങി.  ബ്രിട്ടീഷ് കൊളംബിയയിലെ കിറ്റിമാറ്റിലുള്ള എൽഎൻജി കാനഡയുടെ ബെർത്തിൽ നിന്നാണ് ടാങ്കർ പുറപ്പെട്ടത്. 

ബിസിയിൽ ഉൽപ്പാദിപ്പിക്കുന്ന എൽഎൻജിയാണ് കപ്പലിൽ നിറച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.  മേഖലയ്ക്ക് ദീർഘകാല സാമ്പത്തിക ഉത്തേജനം നൽകുന്ന പദ്ധതിയാണ് ഇതെന്ന് കിറ്റിമാറ്റ് മേയർ ഫിൽ ജെർമുത്ത് പറഞ്ഞു.  ഏകദേശം ഒരു ദശാബ്ദം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. 9,000-ത്തിൽ താഴെ ജനസംഖ്യയുള്ള ഒരു പട്ടണത്തിലെ 7,000-ത്തിലധികം ആളുകൾ മാറിമാറി പ്രോജക്റ്റിൻ്റെ ഭാഗമായി പ്രവർത്തിച്ചെന്നും മേയർ കൂട്ടിച്ചേർത്തു.  ഷെല്ലിൻ്റെയും മലേഷ്യയിലെ പെട്രോണാസിൻ്റെയും, പെട്രോചൈനയുടെയും, ജപ്പാനിലെ മിത്സുബിഷി കോർപ്പിൻ്റെയും, ദക്ഷിണ കൊറിയയിലെ കോഗാസിൻ്റെയും സംയുക്ത സംരംഭമാണ് എൽഎൻജി കാനഡ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 14 ദശലക്ഷം ടൺ വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഉത്പാദനം ഇരട്ടിയാക്കും.  കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ നിക്ഷേപമായാണ് ഫെഡറൽ ഗവൺമെൻ്റ് ഇതിനെ കണക്കാക്കുന്നത്.