എലോൺ മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

By: 600110 On: Jul 2, 2025, 2:48 PM

 

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ  ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഇലോൺ മസ്‌ക് വിമർശനം കടുപ്പിച്ചതിന് പിന്നാലെ മസ്കിന് മുന്നറിയിപ്പുമായി  ട്രംപ്. മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. മറ്റാർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് വിമർശിച്ചു. മസ്കിൻ്റെ കമ്പനികളായ ടെസ്ലയ്ക്കും സ്പേസ് എക്സിനും നല്കിയ സബ്സിഡിയെക്കുറിച്ച് അന്വേഷിക്കാൻ ഡോജിനോട് നിർദ്ദേശിക്കുമെന്നും ട്രംപ് പറഞ്ഞു.

ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമമായാൽ താൻ ഉടനെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.  അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ 'കടം അടിമത്ത ബിൽ' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. നേരത്തെ ട്രംപുമായുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാർട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സർവേയും നടത്തിയിരുന്നു.