വിമാനം വൈകി, കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമയായതിനാല്‍ താമസത്തിന് ലഭിച്ചത്  കാപ്‌സ്യൂള്‍ മുറി; വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ വംശജ  

By: 600002 On: Jul 2, 2025, 11:56 AM

 


അമേരിക്കയിലെ ഇന്ത്യന്‍ വംശജ തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ച് തമാശയായി വിലപിക്കുന്ന ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. വിമാനം വൈകിയതിനാല്‍ തനിക്കും മറ്റ് നിരവധി യാത്രക്കാര്‍ക്കും കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ കുടുങ്ങിയപ്പോള്‍ കമ്പനി നല്‍കിയ ചെറിയ ഹോട്ടല്‍മുറിയില്‍ നിന്നാണ് അനിഷ അറോറ വീഡിയോ പകര്‍ത്തിയത്.

വിമാനം റദ്ദാക്കപ്പെട്ട അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറികളാണ് താമസത്തിനായി ലഭിച്ചതെന്ന് അറോറ പറഞ്ഞു. അതേസമയം, തനിക്ക് കണക്റ്റിംഗ് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മന്‍ വിമാനത്താവളത്തിലെ കാപ്‌സ്യൂള്‍ വലിപ്പമുള്ള മുറിയുമായി പൊരുത്തപ്പെടേണ്ടി വന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. വീഡിയോയില്‍ ചെറിയ മുറിയുടെ ദൃശ്യവും അറോറ കാണിക്കുന്നുണ്ട്്. 

അടുത്ത വിമാനം ലഭിക്കാന്‍ 20 മണിക്കൂര്‍ സമയമെടുക്കും. അതിനിടയില്‍ യുഎസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് പുറത്തുപോയി ജര്‍മ്മനിയിലെ സ്ഥലങ്ങള്‍ കാണാനുള്ള സമയമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള താന്‍ ഖേദിക്കുന്നുവെന്ന് അറോറ പറഞ്ഞു. ഷെങ്കന്‍ വിസ ഇല്ലാത്തതിനാല്‍ ചെറിയ മുറിയില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കേണ്ടി വന്നുവെന്നും അറോറ വിശദീകരിക്കുന്നു. നിരവധിയാളുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും അറോറയുടെ വീഡിയോ പോസ്റ്റിന് കീഴില്‍ കമന്റുകളിട്ടിട്ടുണ്ട്.