കാനഡ ദിനം ആഘോഷിച്ച് രാജ്യം. രാജ്യം കെട്ടിപ്പടുക്കാൻ കാനഡക്കാർ ഒന്നിച്ചുചേർന്നിരിക്കുന്നു എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കോൺഫെഡറേഷൻ രൂപീകരിച്ചതിൻ്റെ 158-ാം വാർഷികം ആഘോഷിക്കാൻ കാനഡ ദിനത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഓട്ടവയിൽ ഒത്തുകൂടിയത് . പ്രധാനമന്ത്രി മാർക്ക് കാർണി തൻ്റെ ആദ്യ ഔദ്യോഗിക കാനഡ ദിന സന്ദേശം നൽകി.
"വർഷങ്ങൾ മുൻപ് കാനഡയിലെ വിവിധ പ്രവിശ്യകൾ ഒന്നിച്ചു ചേർന്ന് ഒരു രാജ്യമാകാൻ തീരുമാനിച്ചു. ഓരോ പ്രവിശ്യയും സ്വന്തമായി തുടരുന്നതിനേക്കാൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ തങ്ങൾ ശക്തരാകുമെന്ന് അവർ വിശ്വസിച്ചു. അവർ പറഞ്ഞത് ശരിയായിരുന്നു. അവർ ഒരു പുതിയ ഫെഡറേഷനായി മാറി, ഇപ്പോൾ അതൊരു ശക്തമായ, ബഹുസ്വര, രാജ്യമായി വളർന്നു" കാർണി പറഞ്ഞു. കാനഡയുടെ ചരിത്രത്തിൽ നിരവധി വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് രാജ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം മാറുകയാണ്, പഴയ സൗഹൃദങ്ങൾ തകർന്നു. നമ്മൾ തുടങ്ങാത്ത ഒരു വ്യാപാര യുദ്ധം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ, കനേഡിയൻമാർ ഐക്യപ്പെട്ടിരിക്കുന്നുവെന്നും രാജ്യം ഒരു കനേഡിയൻ സമ്പദ്‌വ്യവസ്ഥ" കെട്ടിപ്പടുക്കുമെന്ന് ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും അരങ്ങേറി