അലിഗേറ്റര്‍ അല്‍കാട്രാസ്: ഫ്‌ളോറിഡയില്‍ നിര്‍മിക്കുന്നു താല്‍ക്കാലിക കുടിയേറ്റ തടങ്കല്‍ കേന്ദ്രം

By: 600002 On: Jul 2, 2025, 9:54 AM

 


ഫ്‌ളോറിഡയിലെ എവര്‍ഗ്ലെയ്ഡ്‌സില്‍ 'അലിഗേറ്റര്‍ അല്‍കാട്രാസ്' എന്ന വിളിക്കപ്പെടുന്ന താല്‍ക്കാലിക കുടിയേറ്റ തടങ്കല്‍ കേന്ദ്രം ജൂലൈ 1 ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അമേരിക്കന്‍ പൗരന്മാരെപ്പോലും രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് ട്രംപ് ജയില്‍ സന്ദര്‍ശിക്കവെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുമ്പ് പാര്‍പ്പിക്കാനുള്ള പുതിയ തടവറയാണ് 'അലിഗേറ്റര്‍ ആല്‍ക്കട്രാസ്' എന്ന് അറിയപ്പെടുന്നത്. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാന്‍ സംസ്ഥാനം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.  

വിജനമായ ചതുപ്പ്‌നിലത്തിന് അടുത്താണ് കേന്ദ്രം തയാറാകുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഫ്‌ളോറിഡയിലെ എവര്‍ഗ്ലെയ്ഡ്‌സിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവളത്തിനടുത്താണ് പുതിയ തടവറ ഒരുങ്ങുന്നത്. സെന്‍ട്രല്‍ മിയാമിയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് എവര്‍ഗ്ലെയ്ഡ്‌സ്. ചീങ്കണ്ണികളും പെരുമ്പാമ്പുകളും ധാരാളമുള്ള ഒറ്റപ്പെട്ട പ്രദേശമാണ് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രത്തിന്റെ ചെലവ് പ്രതിവര്‍ഷം 450 മില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നത്. ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും പിന്നീട് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി തിരിച്ചടയ്ക്കുകയും ചെയ്യുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.