സുനാമി പോലെ ഭയാനകം; ഉഷ്ണതരം​ഗം വീശിയടിച്ചപ്പോൾ കടൽതീരത്ത് 150 കിലോമീറ്റർ നീളത്തിൽ കൂറ്റൻ റോൾ മേഘം, ഭയവും ആശങ്കയും

By: 600007 On: Jul 2, 2025, 1:24 AM

 

 

 

പോർട്ടോ: പോർച്ചുഗലിലെ കടൽത്തീരത്ത് ആശങ്ക സൃഷ്ടിച്ച് റോൾ മേഘം പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. യൂറോ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച രാജ്യത്ത് ഉഷ്ണതരംഗം വീശിയടിച്ചപ്പോഴാണ് ഈ സംഭവം നടന്നത്. പോർച്ചുഗീസ് തീരത്തെ നിരവധി ബീച്ചുകളിൽ റോൾ മേഘം ഉണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടിമിന്നലിന്റെ അരികിൽ, താരതമ്യേന തണുത്ത വായു ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവിലേക്ക് നീങ്ങുമ്പോൾ റോൾ മേഘങ്ങൾ രൂപം കൊള്ളുന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസമുണ്ടാകുന്നെന്ന് വിദ​ഗ്ധർ പറയുന്നു. 

മേഘങ്ങൾ ട്യൂബ് ആകൃതിയിൽ തിരശ്ചീനമായി നീങ്ങുന്നതാണ് റോൾ മേഘം. ഭീമൻ തിരമാലയോട് സാമ്യമുള്ളവയാണ് റോൾ മേഘങ്ങൾ. സമുദ്രത്തിൽ നിന്ന് ഒരു ഇടതൂർന്ന മേഘം ഉയർന്നുവന്ന് കടൽത്തീരത്തേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം. മേഘങ്ങൾ അടുക്കുമ്പോൾ, ശക്തമായ കാറ്റ് വീശുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. 150 കിലോ മീറ്റർ വരെ നീളത്തിലാണ് റോൾ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്. താഴ്ന്നതും തിരശ്ചീനവും ട്യൂബ് ആകൃതിയിലുള്ളതും താരതമ്യേന അപൂർവവുമായ ഒരു തരം ആർക്കസ് മേഘമാണ് റോൾ മേഘം. പോർച്ചുഗൽ വൻകരയിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന സമയത്താണ് ഈ അപൂർവ പ്രതിഭാസം സംഭവിച്ചതെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.