കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും  ഫ്ലൂറൈഡ്  ചേർത്തു തുടങ്ങി

By: 600110 On: Jul 1, 2025, 3:48 PM

 

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും  ഫ്ലൂറൈഡ്  ചേർത്തു തുടങ്ങി.  ജനഹിത പരിശോധനയ്ക്കും, സിറ്റി കൗൺസിലിലെ ചർച്ചകൾക്കും ശേഷമാണ് ഫ്ലൂറൈഡ് വീണ്ടും ചേർത്ത് തുടങ്ങിയത്.  2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ നടന്നൊരു ജനഹിത പരിശോധനയെത്തുടർന്ന് ഫ്ലൂറൈഡ്  വീണ്ടും ചേർക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടപ്പാക്കാൻ നീണ്ട ഇടവേള വേണ്ടി വന്നു.  

കുടിവെള്ളത്തിൽ ഫ്ലൂറൈഡ് വീണ്ടും ചേർക്കുന്നതിനെ 62 ശതമാനം പേർ  അനുകൂലിച്ചിരുന്നു.  കാൽഗറിയിലെ 65 ശതമാനം കുട്ടികൾക്കും പല്ലിന് ക്ഷയം ഉണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, അതേസമയം ഫ്ലൂറൈഡേഷൻ നിലനിൽക്കുന്ന എഡ്മണ്ടണിൽ ഇത് ഏകദേശം 55 ശതമാനമായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് നഗരത്തിലെ ട്രീറ്റ്‌മെൻ്റ് പ്ലാന്റുകളിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളത്തിൽ ഒരു ലിറ്ററിൽ  0.7 മില്ലിഗ്രാമെന്ന അളവിൽ ഫ്ലൂറൈഡ് ചേർക്കും. ഹെൽത്ത് കാനഡയുടെ കമ്മ്യൂണിറ്റി വാട്ടർ ഫ്ലൂറൈഡേഷനായുള്ള ഗൈഡൻസ് ശുപാർശ ചെയ്യുന്നതനുസരിച്ചാണ് ഇത്. 2023 ൽ ഇത് പുനരാരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, കാൽഗറിയിലെ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ നവീകരിക്കുന്നതിനുള്ള ചെലവ് കാരണം തടസ്സങ്ങൾ നേരിട്ടിരുന്നു. മൂന്ന് തവണ തടസ്സപ്പെട്ട പദ്ധതിയാണ് ഇപ്പോൾ നടപ്പിലായത്. പദ്ധതിയെക്കുറിച്ച് കാൽഗറിക്കാർക്കിടയിൽ  സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.