റഫറണ്ടവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ആൽബർട്ടയിൽ ഉടൻ പ്രാബല്യത്തിൽ വരും

By: 600110 On: Jul 1, 2025, 3:26 PM

 

കാനഡയിൽ നിന്നും വേർപിരിയാനുള്ള ആഹ്വാനങ്ങൾ തുടരുന്നതിനിടെ, റഫറണ്ടവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ അധികം താമസിയാതെ ആൽബർട്ടയിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.  മൂന്ന് ദിവസത്തിന് ശേഷം നിയമങ്ങൾ ഔപചാരികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

റഫറണ്ടം നടപടികൾക്ക് തുടക്കമിടാൻ നിശ്ചിത ശതമാനം ആളുകൾ ഈ ആവശ്യത്തിൽ ഒപ്പിടേണ്ടതുണ്ട്.  റഫറണ്ടം ആരംഭിക്കുന്നതിന് ആവശ്യമായ ഈ പരിധി കുറയ്ക്കാൻ പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ യുണൈറ്റഡ് കൺസർവേറ്റീവ് ഗവൺമെൻ്റ് തീരുമാനിച്ചു. പുതിയ നിയമങ്ങൾ നിലവിൽ വരുന്ന അതേ ദിവസം, ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നത് സംബന്ധിച്ച റഫറണ്ടത്തിന് അനുമതി തേടി ഇലക്ഷൻ ആൽബർട്ടയെ സമീപിക്കാനാണ് വിഘടനവാദം  പ്രോത്സാഹിപ്പിക്കുന്ന  ഗ്രൂപ്പായ ആൽബെർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റിൻ്റെ തീരുമാനം. 120 ദിവസത്തിനുള്ളിൽ 177,000 ഒപ്പുകൾ ശേഖരിച്ച് വോട്ടർമാർക്ക് ഒരു ബാലറ്റിൽ ഈ ചോദ്യം സമർപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. കാനഡയിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ആഗ്രഹം ആൽബർട്ടെൻസിനിടയിൽ വർദ്ധിച്ച് വരികയാണെന്നും ഇപ്പോൾ വോട്ടെടുപ്പ് നടന്നാൽ പാസ്സാകാൻ സാധ്യതയുണ്ടെന്നുമാണ് സംഘടനയുടെ സിഇഒ മിച്ച് സിൽവെസ്ട്രെയുടെ അഭിപ്രായം.  വർഷങ്ങളായുള്ള ഫെഡറൽ നയങ്ങൾ കാരണം ആൽബെർട്ടയുടെ വിഭവ സമ്പത്ത് മറ്റിടങ്ങളിലേക്ക് പോവുകയാണ് ഉണ്ടായത്. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ആൽബർട്ടയിലെ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ കഴിയുന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു