സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ഏതറ്റം വരേയും പോകാൻ ഇന്ന് പലരും തയ്യാറാണ്. അതുപോലെ തന്നെ മാർക്കറ്റിൽ എല്ലാത്തിനുമുള്ള പ്രൊഡക്ടുകൾ ഇന്ന് വാങ്ങാൻ കിട്ടും. അതിൽ പ്രധാനമാണ് സൺസ്ക്രീൻ ക്രീമുകൾ. അവ ഇല്ലാതെ ഇന്ന് മിക്കവാറും ആളുകൾ പുറത്ത് ഇറങ്ങാറില്ല. അതുപോലെ പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ പ്രൊട്ടക്ഷൻ മാസ്കുകൾ ഉപയോഗിക്കുന്നവരും അനേകമുണ്ടാവാം. എന്തിരുന്നാലും, കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ ഒരല്പം മുന്നേ നടക്കാനിഷ്ടപ്പെടുന്ന ചൈനയിലെ യുവാക്കൾ ഇപ്പോൾ സൂര്യരശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനായി പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുകയാണത്രെ.
താമരയുടെ ഇലകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന, മുഴുവനായും മറയ്ക്കുന്ന മാസ്കാണ് ആ താരം. സെജിയാങ്, സിചുവാൻ, ഫുജിയാൻ തുടങ്ങിയ തെക്കൻ ചൈനീസ് പ്രവിശ്യകളിലെ ആളുകൾക്കിടയിലാണ് വ്യാപകമായി ഇത്തരത്തിൽ മാസ്കുകൾ ഉപയോഗിക്കുന്നതായി കാണുന്നത്. ഇതിനായി അവർ റോഡരികിലെ കുളങ്ങളിൽ നിന്ന് താമരയുടെ ഇലകൾ പറിച്ചെടുക്കുകയും സൺ പ്രൊട്ടക്ഷൻ മാസ്കുകൾ നിർമ്മിക്കുകയും ചെയ്യുകയാണ്.
ചൈനയിലെ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോകളിൽ തങ്ങളുടെ മുഖത്തിന്റെ ഇരട്ടി വലിപ്പമുള്ള ഭീമൻ താമരയിലകൾ കൊണ്ട് മുഖം മൂടി നടക്കുന്ന യുവാക്കളെ കാണാം. തൊപ്പിയോ സ്ട്രാപ്പുള്ള ഹെൽമെറ്റോ ഒക്കെ വച്ചാണ് അവർ ഈ താമര മാസ്ക് മുഖത്ത് ഉറപ്പിച്ചു വച്ചിരിക്കുന്നത്.
കാണാനും ശ്വാസമെടുക്കാനും വേണ്ടി കണ്ണുകളുടെ സ്ഥാനത്തും മൂക്കിന്റെ സ്ഥാനത്തും ദ്വാരങ്ങൾ ഉണ്ടാക്കിയിരിക്കുന്നതും കാണാം. യുവാക്കൾ പറയുന്നത് ഇതാവുമ്പോൾ സൂര്യപ്രകാശത്തിൽ നിന്നും നല്ല രീതിയിലുള്ള സംരക്ഷണം ലഭിക്കും. പിന്നെ തീരെ കാശ് ചിലവും ഇല്ല എന്നാണ്.
വഴിയിലൂടെ നടക്കുമ്പോഴും മോട്ടോർസൈക്കിളിൽ സഞ്ചരിക്കുമ്പോഴും ഒക്കെ യുവാക്കൾ ഇത്തരത്തിലുള്ള മാസ്കുകൾ ധരിച്ചിരിക്കുന്നത് കാണാം. എന്തായാലും, ചൈനയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ചിരിക്കും, രസകരമായ കമന്റുകൾക്കും ഈ മാസ്കുകൾ കാരണമായിത്തീർന്നിട്ടുണ്ട്. അതുപോലെ, ആക്സിഡന്റുകൾക്ക് കാരണമാകുമോ എന്ന ആശങ്കയും ചിലരെല്ലാം പങ്കുവയ്ക്കുന്നുണ്ട്.