ബർമിങ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് പരിഗണിച്ചില്ല
ഹെഡിങ്‌ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. പേസ് നിരയില്‍ ആദ്യ ടെസ്റ്റില്‍ കളിച്ച ബ്രെയ്ഡന്‍ കാര്‍സ്, ജോഷ് ടങ്, ക്രിസ് വോക്സ് എന്നിവരെ തന്നെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പേസ് ഓള്‍ റൗണ്ടറാവും. ഷൊയ്ബ് ബഷീര്‍ മാത്രമാണ ടീമിലെ ഏക സ്പിന്നര്‍.
കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനെതിരായ പ്രകടനത്തിനുശേഷം ജോഫ്ര ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുടുംബത്തിലെ അടിയന്തര ആവശ്യം മൂലം ആര്‍ച്ചര്‍ ഇന്ന് പരിശീലന ക്യാംപ് വിട്ടതാണ് താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായതെന്ന് സൂചനയുണ്ട്. ബാറ്റിംഗ് നിരയില്‍ ആദ്യ ടെസ്റ്റില്‍ തിളങ്ങിയ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
മറ്റന്നാള്‍ ബര്‍മിംഗ്ഹാമിലാണ് ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്‍റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്,ജോ റൂട്ട്,ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്,ബ്രൈഡൺ കാർസ്,ജോഷ് ടങ്, ഷോയ്ബ് ബഷീർ.