ഒന്റാരിയോയിലെ റൈഡ് ഷെയര്‍, ഫുഡ് ഡെലിവറി, മറ്റ് ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാകുന്ന പുതിയ നിയമനിര്‍മാണം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഊബര്‍ ഈറ്റ്‌സ്, ലിഫ്റ്റ്, ഇന്‍സ്റ്റാകാര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകുന്നതാണ് നിയമനിര്‍മാണം. 2022 ല്‍ അവതരിപ്പിച്ച വര്‍ക്കിംഗ് ഫോര്‍ വര്‍ക്കേഴ്‌സ് ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ 'ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് റൈറ്റ്‌സ് ആക്ട്' ആണ് നിലവില്‍ വരാന്‍ പോകുന്നത്.
പുതിയ നിയമം അനുസരിച്ച്, തൊഴിലുടമകള്‍ അതത് തസ്തികയുടെ കടമകളും ശമ്പളവും സംബന്ധിച്ച് കൂടുതല്‍ സുതാര്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൂടാതെ, നിയമപരമായ നിര്‍വചനം അനുസരിച്ച് ഒരു തൊഴിലാളി സാങ്കേതികമായി ജീവനക്കാരനാണോ എന്നത് പരിഗണിക്കാതെ തന്നെ, സാധാരണ പേ സൈക്കിള്‍ പ്രകാരം കുറഞ്ഞത് സ്റ്റാന്‍ഡേര്‍ഡ് മിനിമം വേതനം വാഗ്ദാനം ചെയ്യണം. രേഖാമൂലമുള്ള വിശദീകരണമോ മുന്‍കൂര്‍ അറിയിപ്പോ ഇല്ലാതെ തൊഴിലാളി സമ്പാദിച്ച ടിപ്പുകള്‍ തടഞ്ഞുവെക്കുന്നതിനെതിരെ അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്താക്കുന്നതിനെതിരെയും പുതിയ നിയമത്തില്‍ വ്യവസ്ഥകളുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഉപജീവനം കണ്ടെത്തുന്ന ഒന്റാരിയോ നഗരത്തിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്മേലുള്ള വലിയ വിജയമാണിത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കുറ്റകൃത്യങ്ങളുടെ തീവ്രതയും എണ്ണവും അനുസരിച്ച് കോര്‍പ്പറേഷനുകള്‍ക്ക് 15,000 ഡോളര്‍ മുതല്‍ 500,000 ഡോളര്‍ വരെ പിഴ ചുമത്താം.