കാല്‍ഗറി വിമാനത്താവളത്തില്‍ നിന്നും യുഎസ് അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ശ്രദ്ധേയ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കാല്‍ഗറി വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയ്ക്ക് ടേക്ക് ഓഫ് ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അമേരിക്കന്‍ കസ്റ്റംസ് വഴി പ്രവേശനം പരിമിതപ്പെടുത്തി. തിരക്കേറിയ യാത്രാ സമയങ്ങളില്‍ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി 2024 ഡിസംബറില്‍ മീറ്ററിംഗ് നടപടികള്‍ നടപ്പിലാക്കിയതായി കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ തിരക്കുള്ള സമയങ്ങളില്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും കാനഡയിലെ പ്രധാന വിമാനത്താവളങ്ങളില്‍ സമയക്രമങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പുതിയ നടപടികള്‍ക്കായി പ്രത്യേക കാലയളവ് നിര്‍ദ്ദേശിച്ചിട്ടില്ല.
യാത്രാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എയര്‍ലൈനുമായി ചെക്ക്-ഇന്‍ ചെയ്യുന്നതിനും ബാഗുകള്‍ പരിശോധിക്കുന്നതിനും മതിയായ സമയം ലഭിക്കാനായി യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റുകള്‍ പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് സുരക്ഷാ നടപടിക്രമങ്ങള്‍ക്കായി വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും പ്രസ്താവനയില്‍ പറയുന്നു.