സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും മുന്നിൽ പ്രതിഷേധ ബബിൾ സോണുകൾ ഏർപ്പെടുത്താനുള്ള നിയമങ്ങൾ ഉടനെന്ന് ഫെഡറൽ സർക്കാർ. ആരാധനാലയങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞ് പ്രതിഷേധിക്കുന്നതിന് എതിരെ പുതിയ ക്രിമിനൽ നിയമങ്ങൾ അവതരിപ്പിക്കാനുള്ള നടപടികളുമായി ലിബറൽ സർക്കാർ മുന്നോട്ട് പോകുമെന്നാണ് നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ വ്യക്തമാക്കിയത്.
അടുത്തിടെ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വാഗ്ദാനം മുന്നോട്ട് വച്ചിരുന്നു. അതനുസരിച്ച് ഈ വേദികളിലെ പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളെ മനഃപൂർവ്വം ഭീഷണിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും. എന്നാൽ വ്യക്തിഗത അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന പൗര സ്വാതന്ത്ര്യവാദികൾ, പ്രതിഷേധങ്ങളെ ലക്ഷ്യമിട്ട് പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതിയെ സംശയത്തോടെയാണ് കാണുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടാക്കുന്ന അശാന്തിയാണ് കനേഡിയൻ സമൂഹങ്ങളിൽ പിരിമുറുക്കം വർദ്ധിക്കാൻ കാരണം. പല മുനിസിപ്പാലിറ്റികളും സമീപ കാലത്ത് ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയ്ക്ക് അരികിൽ പ്രതിഷേധങ്ങൾ വിലക്കിയിരുന്നു. വിവിധ സർക്കാരുകൾ ഈ പ്രശ്നം അവരുടേതായ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽചിലരുടെ പ്രവൃത്തികൾ കുറ്റകൃത്യമായി കണക്കാക്കാവുന്നത്ര ഗൗരവമുള്ളതായിത്തീരുമ്പോൾ, ഫെഡറൽ സർക്കാരിന് അതുമായി ബന്ധപ്പെട്ട് ദേശീയ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും ഉണ്ടെന്ന് നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ വ്യക്തമാക്കി.