സമ്മര്‍ സീസണില്‍ അവധിക്കാല യാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം യാത്രകള്‍ തടസ്സപ്പെടുത്തിയേക്കാമെന്ന് മുന്നറിയിപ്പുമായി വെസ്റ്റ്‌ജെറ്റ്. ഏപ്രില്‍ മുതല്‍ 300,000 ത്തിലധികം ഉപഭോക്താക്കളുടെ യാത്രകള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെന്ന് വെസ്റ്റ്‌ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവാണ് പ്രശ്‌നത്തിന് കാരണമെന്ന് വെസ്റ്റ്‌ജെറ്റ് ആരോപിച്ചു. പ്രശ്‌നം രൂക്ഷമായതിനെ NAV CANADA യെ കുറ്റപ്പെടുത്തി.
വെസ്റ്റ്‌ജെറ്റ് നെറ്റ്‌വര്‍ക്കിലുടനീളം കാലതാമസത്തിനുള്ള പ്രധാന കാരണം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റാഫുകളുടെ കുറവാണ്. നിലവിലെ സാഹചര്യം ഗുരുതരമാണ്. കാരണം ഇന്‍ഡസ്ട്രി വേനല്‍ക്കാല യാത്രാ തിരക്കുകളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഹ്രസ്വകാല പരിഹാരങ്ങള്‍ക്കുള്ള നടപടികളൊന്നും സ്വീകരിക്കുന്നതായി കാണുന്നില്ലെന്നും കമ്പനി പറഞ്ഞു.
ജീവനക്കാരുടെ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ എല്ലാ സ്റ്റേക്ക്‌ഹോള്‍ഡറുമായും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായി വെസ്റ്റ്‌ജെറ്റ് കൂട്ടിച്ചേര്‍ത്തു.