സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ കൂടുതൽ ശക്തനാകുന്ന ട്രംപ്; പൗരത്വ വിഷയങ്ങൾ മാത്രമല്ല, വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തൽ

By: 600007 On: Jun 28, 2025, 1:37 PM

 

 

വാഷിംഗ്ടണ്‍: രാജ്യത്തെ ഫെഡറല്‍ കോടതികൾക്കുള്ള അധികാര പരിധി കുറച്ചുള്ള സുപ്രീംകോടതി വിധി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നല്‍കുന്നത് വലിയ ആത്മവിശ്വാസം. സർക്കാരിന്‍റെ നടപടികൾ നിയമവിരുദ്ധമാണെങ്കിൽ പോലും അവയെ പെട്ടെന്ന് തടയാൻ ജഡ്ജിമാർക്കുള്ള അധികാരമാണ് ഇല്ലാതാകുന്നത്. പ്രസിഡന്‍റ് ട്രംപ് കൂടുതൽ അധികാരം നേടാൻ ശ്രമിക്കുമ്പോൾ, എക്സിക്യൂട്ടീവ് അധികാരത്തിന്‍റെ മേലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പൗരത്വം ജന്മാവകാശമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിന് പ്രാബല്യം നൽകുന്നതാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രേഖകളില്ലാത്ത കുടിയേറ്റക്കാർക്കോ ഗ്രീൻ കാർഡില്ലാത്ത വിദേശ സന്ദർശകർക്കോ ജനിക്കുന്ന ചില കുട്ടികൾക്ക് സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലുള്ള പൗരത്വം ഉറപ്പാക്കുന്ന രേഖകൾ നിഷേധിക്കപ്പെട്ടേക്കാം. എന്നാല്‍, സുപ്രീം കോടതിയുടെ പുതിയ വിധി പൗരത്വ വിഷയത്തിനപ്പുറം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. കീഴ്ക്കോടതികളിലെ ജഡ്ജിമാരുടെ കൈകൾ സുപ്രീം കോടതി ഫലത്തിൽ കെട്ടിയിടുകയാണ് എന്നുള്ളതാണ് അതിലെ പ്രധാന കാര്യം.

ഭരണകൂടത്തിന്‍റെ നടപടികൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ അവയെ വേഗത്തിൽ തടയാനുള്ള കീഴ്ക്കോടതികളുടെ അധികാരം ട്രംപ് 2.0 ഭരണകാലത്തെ ഫലപ്രദമായ നിയന്ത്രണമായിരുന്നു. ഒരു ഏജൻസിയെ അടച്ചുപൂട്ടുകയോ മതിയായ നടപടിക്രമങ്ങളില്ലാതെ കുടിയേറ്റക്കാരെ വിദേശ ജയിലുകളിലേക്ക് അയയ്ക്കുകയോ ചെയ്യുന്നത് പോലുള്ള കാര്യങ്ങളിൽ തടയിടാൻ ഫെഡറല്‍ കോടതികൾക്ക് സാധിച്ചിരുന്നു. രാജ്യത്തെ പ്രസിഡന്‍റിന്‍റെ അധികാരം ചരിത്രപരമായി ഏറ്റക്കുറച്ചിലുകളിലൂടെയാണ് കടന്നുപോകുന്നത്. അത് അമേരിക്കൻ ജനാധിപത്യത്തെ നിർവചിക്കുന്ന 'ചെക്കുകളും ബാലൻസുകളും' എന്ന സംവിധാനത്തിന് അടിസ്ഥാനപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.