ബിസി അഗ്നിശമന സേനാംഗത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി

By: 600110 On: Jun 28, 2025, 1:36 PM

 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫസ്റ്റ് റെസ്പോണ്ടേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ബിസി അഗ്നിശമന സേനാംഗത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.  കാനഡയിൽ സ്ഥിര താമസക്കാരനായ വാൻകൂവർ അഗ്നിശമന സേനാംഗമായ ജാമി ഫ്ലിൻ പറയുന്നത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായൊരു  ക്ലറിക്കൽ പിഴവാണ്  യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിന് കാരണം  എന്നാണ്. 

അലബാമയിലെ ബർമിംഗ്ഹാമിലേക്കുള്ള യാത്രാമധ്യേ തനിക്ക് എന്താണ് സംഭവിച്ചതെന്ന് സോഷ്യൽ മീഡിയയിൽ കൂടിയാണ്  ജാമി ഫ്ലിൻ വ്യക്തമാക്കിയത്.  വേൾഡ് പോലീസ് & ഫയർ ഗെയിംസിൽ ജിയു ജിറ്റ്സു വിഭാഗത്തിൽ വാൻകൂവർ അഗ്നിശമന സേനാംഗങ്ങളെ പ്രതിനിധീകരിച്ചായിരുന്നു ജാമി ഫ്ലിൻ്റെ യാത്ര. ഇതിനിടെയാണ് അമേരിക്കയിലെക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നുവെന്നും അലബാമയിൽ നടന്ന വേൾഡ് പോലീസ് & ഫയർ ഗെയിംസിൽ മത്സരിക്കാനുള്ള അവസരമാണ്  നഷ്‌ടപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. വാൻകൂവറിൽ  അഗ്നിശമന സേനാംഗമായ അദ്ദേഹം സ്ക്വാമിഷ് സെർച്ച് ആൻഡ് റെസ്ക്യൂവിൽ വളണ്ടിയർ ആയാണ് സേവനമനുഷ്ഠിക്കുന്നത്. ബ്രിട്ടീഷ് പാരച്യൂട്ട് റെജിമെന്റിൽ (SFSG) സേവനമനുഷ്ഠിച്ചിട്ടുള്ള ഫ്ലിൻ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന് കീഴിൽ യുഎസ് സേനകളോടൊപ്പവും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  മാസങ്ങളോളം യുഎസിലെ മത്സരത്തിനായി പരിശീലനം നടത്തിയിട്ടും ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ പിഴവ് കൊണ്ടാണ് തനിക്ക് പങ്കെടുക്കാൻ കഴിയാതെ വന്നതെന്ന് ഫ്ലിൻ പറയുന്നു