കാനഡയിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആഗ്രഹം ആൽബർട്ടയിലെ  ജനങ്ങൾക്കിടയിൽ ശക്തമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: Jun 28, 2025, 1:15 PM

 

കാനഡ വിടണമെന്ന ആഗ്രഹം ആൽബർട്ടയിലെ  ജനങ്ങൾക്കിടയിൽ മുൻപൊരിക്കലും ഇത്രയധികം ഉയർന്നിട്ടില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. കാൽഗറിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു സ്മിത്തിൻ്റെ പരാമർശം.  ഫെഡറൽ സർക്കാരിനോട് ആൽബെർട്ടക്കാർക്ക് കടുത്ത നിരാശയും ദേഷ്യവും ഉണ്ടെന്നും അവർ പറഞ്ഞു.

ഈ ആഴ്ച ആദ്യം ഓൾഡ്‌സ്-ഡിഡ്‌സ്ബറി-ത്രീ ഹിൽസിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏകദേശം 18 ശതമാനം വോട്ട് നേടിയ ഒരു വിഘടനവാദി സ്ഥാനാർത്ഥിയെക്കുറിച്ചും ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഇത്രയും ഉയർന്ന തലത്തിലുള്ള വിഘടനവാദ വികാരം താൻ മുമ്പ് കണ്ടിട്ടില്ല എന്നും സ്മിത്ത് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി വിജയിച്ചതിൻ്റെ അർത്ഥം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിനൊപ്പം പ്രവർത്തിക്കാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് എന്നും സ്മിത്ത് പറഞ്ഞു. വിഘടനവാദ ആഗ്രഹം ശമിപ്പിക്കാൻ  സർക്കാരിന് എന്തുചെയ്യാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ, അത് ഫെഡറൽ സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും സ്‌മിത്ത് വ്യക്തമാക്കി. ജനവികാരം ഗൌരവമായെടുത്ത് പ്രധാനമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. ആൽബർട്ടയിലെ ഊർജ്ജോല്പാദനത്തിന് ബാധിക്കുന്ന നിയമങ്ങൾ റദ്ദാക്കാൻ ഫെഡറൽ സർക്കാർ തയ്യാറായാൽ ജനങ്ങളുടെ വിഘടനവാദ നിലപാടിൽ മാറ്റമുണ്ടാകുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആഭ്യന്തര വ്യാപാരത്തിൻ്റെ ചുമതലയുള്ള മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡും ഡാനിയേൽ സ്മിത്തിനൊപ്പം ഉണ്ടായിരുന്നു. ദേശീയ താൽപ്പര്യമുള്ള പദ്ധതികൾ വേഗത്തിലാക്കാൻ പാർലമെൻ്റ് അടുത്തിടെ നിയമനിർമ്മാണം പാസാക്കിയതായും, കാനഡ സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ സൂചനയായി ഇതിനെ കണക്കാക്കണമെന്നും ഫ്രീലാൻഡ് പറഞ്ഞു.