അമിതവേഗതയില്‍ വാഹനമോടിച്ചതിന് പിഴയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സന്ദേശം; ടെക്‌സറ്റ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട ആര്‍സിഎംപി  

By: 600002 On: Jun 28, 2025, 9:14 AM

 

അമിതവേഗതയില്‍ വാഹനമോടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പിഴ ഈടാക്കിയെന്ന വ്യാജ സന്ദേശങ്ങള്‍ അയച്ച് ജനങ്ങളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി ആല്‍ബെര്‍ട്ട ആര്‍സിഎപി. ടെക്‌സ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആര്‍സിഎംപി മുന്നറിയിപ്പ് നല്‍കി. ഫോട്ടോ റഡാര്‍ ടിക്കറ്റിന് പണം നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ട് ടെക്‌സ്റ്റ് മെസേജ് അയച്ച് പണം തട്ടിയതായുള്ള റിപ്പോര്‍ട്ട് അടുത്തിടെ ലഭിച്ചതായി സ്ട്രാത്ത്‌കോണ കൗണ്ടി പോലീസ് പറഞ്ഞു. ടെക്സ്റ്റ് സന്ദേശത്തോടൊപ്പം ടിക്കറ്റിന് പണം നല്‍കാനുള്ള ലിങ്കും തട്ടിപ്പുകാര്‍ നല്‍കുന്നു. ഈ ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുമ്പോഴാണ് ആളുകളില്‍ നിന്നും പണം നഷ്ടമാകുന്നത്. 

സര്‍ക്കാരും പോലീസ് ഓര്‍ഗനൈസേഷനുകളും ടെക്‌സ്റ്റ് മെസേജിംഗ് വഴി പിഴ ഈടാക്കുന്നില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ടെക്സ്റ്റ് സന്ദേശം ലഭിക്കുന്ന ആരും ലിങ്ക് തുറക്കരുതെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു.  തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് 780-467-7741 എന്ന നമ്പറില്‍ സ്ട്രാത്ത്‌കോണ കൗണ്ടി ആര്‍സിഎംപിയുമായോ 1-888-495-8501 എന്ന നമ്പറില്‍ ആന്റി-ഫ്രോഡ് സെന്ററുമായോ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.