മെട്രോ വാന്‍കുവര്‍ മേയര്‍മാരുടെ കോംപന്‍സേഷന്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ 

By: 600002 On: Jun 28, 2025, 8:31 AM

 

മെട്രോ വാന്‍കുവര്‍ മേയര്‍മാരുടെ കോംപന്‍സേഷന്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത്. 2023 ലെ കണക്കനുസരിച്ച് പരമാവധി അടിസ്ഥാന ശമ്പളം 172,112 ഡോളറുള്ള പ്രവിശ്യാ കാബിനറ്റ് മന്ത്രിമാരേക്കാള്‍ കൂടുതല്‍ വരുമാനം മേഖലയിലെ പല മേയര്‍മാരും നേടുന്നുണ്ടെന്നാണ് ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഡാനിയേല്‍ ഫോണ്ടെയ്ന്‍ പറയുന്നു. 

മെട്രോ റീജിയണിലെ ചില മേയര്‍മാര്‍ പ്രതിവര്‍ഷം 400,000 ഡോളറിനടുത്ത് സമ്പാദിക്കുന്നതായാണ് വിവരം. ഇത് അവരുടെ യഥാര്‍ത്ഥ വേതനത്തേക്കാള്‍ കൂടുതലാണെന്ന് ഫോണ്ടെയ്ന്‍ പറയുന്നു. പ്രാദേശിക മേയര്‍മാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണിത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫോണ്ടെയ്ന്‍ പറഞ്ഞു. 

2023 ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അനുസരിച്ച്, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മേയര്‍ ബേണബിയുടെ മൈക്ക് ഹാര്‍ലിയാണെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. അദ്ദേഹം അടിസ്ഥാന ശമ്പളത്തിനും ദിവസേനയും 330,704 ഡോളര്‍ സമ്പാദിച്ചു. കാര്‍ അലവന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. റിച്ച്മണ്ടിലെ മാല്‍ക്കം ബ്രോഡി(312,030 ഡോളര്‍), ഡെല്‍റ്റയിലെ ജോര്‍ജ്ജ് ഹാര്‍വി(291,402 ഡോളര്‍), പോര്‍ട്ട് കോക്വിറ്റ്‌ലാം മേയര്‍ ബ്രാഡ് വെസ്റ്റ്(276,437 ഡോളര്‍) എന്നിവരാണ് മൈക്ക് ഹാര്‍ലിക്ക് തൊട്ടുപിന്നില്‍ ഏറ്റവും കൂടിയ വേതനം വാങ്ങുന്ന മറ്റ് മേയര്‍മാര്‍. 

കഴിഞ്ഞ ഒരു വര്‍ഷമായി മെട്രോ വാന്‍കുവറിലെ ശമ്പളം പൊതുജന ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. മേയര്‍മാരുടെ അമിതമായ കോംപന്‍സേഷന്‍ കാരണം പൊതുജനവിശ്വാസം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ട് പറയുന്നു. വിഷയത്തില്‍ മെട്രോ വാന്‍കുവറിലെ ഡയറക്ടര്‍മാര്‍ ശരിയായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സറെ കൗണ്‍സിലര്‍ ലിന്‍ഡ ആനിസ് പറഞ്ഞു.