ഏറ്റവും തിരക്കേറിയ സമ്മര്‍ സീസണിനായി തയാറെടുത്ത് വാന്‍കുവര്‍ വിമാനത്താവളം 

By: 600002 On: Jun 28, 2025, 7:43 AM

 

ഈ വാരാന്ത്യത്തില്‍ വേനല്‍ക്കാല യാത്രാ സീസണ്‍ ആരംഭിക്കുകയാണ്. സമ്മര്‍ സീസണിലെ യാത്രകള്‍ക്കായി കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 15 മുതല്‍ ലേബര്‍ ഡേ വരെ ഏകദേശം 6.7 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനായി വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളം(YVR) ഒരുങ്ങിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഇത്തവണ ഏറ്റവും തിരക്കേറിയ വേനല്‍ക്കാല സീസണിലേക്കാണ് തങ്ങള്‍ കടക്കുന്നതെന്ന് എയര്‍പോര്‍ട്ട് വക്താവ് അലിസ സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

യാത്രക്കാരെ മുഴുവന്‍ കഴിയുന്നത്ര വേഗത്തില്‍ ഉള്‍ക്കൊള്ളാനും അവരുടെ സുഗമമായ യാത്രയ്ക്കും എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ പ്രോഗ്രാമുകളും സംവിധാനങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കുറച്ച്മാസങ്ങള്‍ക്ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഗ്രീറ്റിംഗ് പ്രോഗ്രാം ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്ന് സ്മിത്ത് പറഞ്ഞു. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇത് സമയം ലാഭിക്കാന്‍ സഹായിക്കും. 

കൂടാതെ, 100 മില്ലി ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും നിലവിലുണ്ടെന്ന് യാത്രക്കാരെ സ്മിത്ത് ഓര്‍മിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, എയര്‍ കാനഡയില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് വേഗത്തിലാക്കാന്‍ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നും സ്മിത്ത് വ്യക്തമാക്കി. എയര്‍പോര്‍ട്ടിലെ ഏറ്റവും തിരക്കേറിയ വേനല്‍ക്കാല യാത്രാ ദിനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.