കാനഡയില്‍ ഏറ്റവും കുറഞ്ഞ മാര്‍ജിനല്‍ പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് നിരക്ക് 15 ശതമാനത്തില്‍ നിന്നും 14 ശതമാനമായി കുറച്ചുകൊണ്ട് ഫെഡറല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരും. ഫിനാന്‍സ് കാനഡയുടെ കണക്കനുസരിച്ച്, ഏകദേശം 22 മില്യണ്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കും.
ഒരു വ്യക്തിയുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ഈ വര്‍ഷം നികുതി നല്‍കേണ്ട വരുമാനത്തിന്റെ ആദ്യത്തെ 57,375 ഡോളറിന് ബാധകമായ നികുതി നിരക്ക് ഈ നീക്കത്തിലൂടെ കുറയ്ക്കാന്‍ സാധിക്കും. നികുതി ഇളവിന്റെ ഭൂരിഭാഗവും ഏറ്റവും കുറഞ്ഞ രണ്ട് നികുതി ബ്രാക്കറ്റുകളിലെ( 2025 ല്‍ 114,750 ഡോളറില്‍ താഴെ നികുതി വരുമാനമുള്ളവര്‍) കനേഡിയന്‍ പൗരന്മാര്‍ക്കാണ് ലഭിക്കുക. ഇതില്‍ പകുതിയും ആദ്യ ബ്രാക്കറ്റിലുള്ളവര്‍ക്കാണ്( 2025 ല്‍ 57,375 ഡോളറും അതില്‍ താഴെയും) ലഭ്യമാവുക.
2026 ല്‍ പരമാവധി നികുതി ലാഭം ഒരാള്‍ക്ക് 420 ഡോളറും ദമ്പതികള്‍ക്ക് 840 ഡോളറുമാകുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നു. 2025-26 നികുതി വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് കനേഡിയന്‍ പൗരന്മാര്‍ക്ക് 27 ബില്യണ്‍ ഡോളറിലധികം നികുതി ലാഭം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു.
വര്‍ഷത്തിന്റെ പകുതിയോടെ നികുതി ഇളവ് പ്രാബല്യത്തില്‍ വരുന്നതിനാല്‍, 2025 ലെ മുഴുവന്‍ വാര്‍ഷിക നികുതി നിരക്ക് 14.5 ശതമാനവും 2026 ലെയും പിന്നീടുള്ള നികുതി വര്‍ഷങ്ങളിലെയും മുഴുവന്‍ വാര്‍ഷിക നിരക്ക് 14 ശതമാനവുമായിരിക്കുമെന്ന് ഫിനാന്‍സ് കാനഡ ചൂണ്ടിക്കാട്ടുന്നു.