ടോക്യോ: ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണത്തോടുപമിച്ച പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ജപ്പാൻ. നാഗസാക്കി മേയർ ഉൾപ്പെടെയുള്ളയുള്ള പ്രാദേശിക നേതാക്കൾ ട്രംപിന്റെ പ്രസ്താവനയിൽ നിരാശയും രോഷവും പ്രകടിപ്പിച്ചു. ട്രംപിന്റെ അഭിപ്രായ പ്രകടനം അണുബോംബ് വർഷിച്ചതിനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ, ബോംബാക്രമണം നേരിട്ട ഒരു നഗരമെന്ന നിലയിൽ ഞങ്ങൾക്ക് അങ്ങേയറ്റം ഖേദകരമാണെന്ന് നാഗസാക്കി മേയർ പറഞ്ഞു.
ട്രംപ് തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിരോഷിമയിലെ ജനം പ്രതിഷേധ പ്രകടനം നടത്തി. ആണവായുധങ്ങളുടെ ഉപയോഗത്തെ ന്യായീകരിക്കുന്ന ഏതൊരു പ്രസ്താവനയും തള്ളണമെന്നും എല്ലാ സായുധ സംഘട്ടനങ്ങളും സമാധാനപരമായി പരിഹരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പ്രമേയം ഹിരോഷിമ നിയമസഭാംഗങ്ങൾ പാസാക്കി. ആറ്റം ബോംബുകളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് ജപ്പാൻ വാഷിംഗ്ടണിനോട് ആവർത്തിച്ച് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹയാഷി യോഷിമാസ പറഞ്ഞു.
അണുബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാളും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ അഭിഭാഷക ഗ്രൂപ്പിന്റെ സഹ ചെയർമാനുമായ നിഹോൺ ഹിഡാൻക്യോയുടെ മിമാകി തോഷിയുക്കിയും ട്രംപിനെ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇറാനിലെ ആക്രമണം ജപ്പാനിലെ അണുബോംബ് വർഷിച്ചതുമായി താരതമ്യം ചെയ്തത്.