മറ്റു രാജ്യങ്ങൾക്ക് സഹായങ്ങൾ അനുവദിക്കുന്നതിൽ കാനഡ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സമീപനം സ്വീകരിക്കണമെന്ന് ഫോറിൻ എയ്ഡിൻ്റെ ചുമതലയുള്ള എംപി രൺദീപ് സരയ് പറഞ്ഞു. കൂടാതെ പണം എവിടെ ചെലവാക്കുന്നുവെന്ന് വ്യക്തമായി കാണിക്കുകയും വേണമെന്നും രൺദീപ് സരയ് വ്യക്തമാക്കി. പുതിയ ചുമതല ഏറ്റെടുത്ത ശേഷം നല്കിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക പിന്‍മാറുന്നതിനാല്‍ വികസനത്തിനും മാനുഷിക സഹായത്തിനും കാനഡ കൂടുതല്‍ കാര്യക്ഷമമായ സമീപനം സ്വീകരിക്കണം. കാനഡ നല്കുന്ന സഹായം കാര്യക്ഷമമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പണം എവിടേക്കാണ് പോകുന്നതെന്ന് കനേഡിയൻമാർക്കും സഹായം സ്വീകരിക്കുന്നവർക്കും മികച്ച ധാരണ നൽകുകയും ചെയ്യുക എന്നതാണ് തൻ്റെ പ്രധാന മുൻഗണനകളെന്ന് സാരായ് പറഞ്ഞു. 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിദേശ സഹായത്തിനായി 12 ബില്യൺ ഡോളറാണ് കനേഡിയൻ സർക്കാർ ചെലവഴിച്ചത്. ഇതിൽ 2.6 ബില്യൺ ഡോളർ വായ്പകൾക്കും വികസന ധനസഹായത്തിനുമായിരുന്നു ചെലവഴിച്ചത്. 2.6 ബില്യൺ ഡോളർ കാനഡയിൽ എത്തുന്ന അഭയാർത്ഥികൾക്കുള്ള സേവനങ്ങൾക്കായും ഉപയോഗിച്ചു. ബാക്കിയുള്ളവ പ്രധാനമായും ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായത്തിനും, പ്രതിരോധ ആരോഗ്യ പദ്ധതികൾ പോലുള്ള ആഗോള പദ്ധതികൾക്കാണ് പോയത്.