ഓണ്‍ലൈന്‍ ബാങ്കിംഗിന്റെയും പണമിടപാടുകളുടെയും ഈ കാലഘട്ടത്തില്‍, ഏറ്റവും അപകടകരവുമായ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ആള്‍മാറാട്ട തട്ടിപ്പ്. ഒരു ഫോണ്‍ വിളിയിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. ബാങ്ക് എക്‌സിക്യൂട്ടീവ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തുടങ്ങിയ വ്യാജ പേരുകളില്‍ വിളിക്കുന്ന ഇവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ സ്വകാര്യ വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആധാര്‍, പാന്‍ നമ്പറുകളിലേക്കും പ്രവേശനം നേടാന്‍ സാധിക്കും.
എന്താണ് ആള്‍മാറാട്ട തട്ടിപ്പ്?
ബാങ്ക് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരായി സ്വയം ചമഞ്ഞ് തട്ടിപ്പുകാര്‍ തന്ത്രപ്രധാനമായ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നതിനെയാണ് ആള്‍മാറാട്ട തട്ടിപ്പ് എന്ന് പറയുന്നത്. ഈ തട്ടിപ്പുകള്‍ ഒരു ഫോണ്‍ കോളിലൂടെയാണ് ആരംഭിക്കുന്നതെങ്കിലും ഇമെയില്‍, വാട്ട്സ്ആപ്പ്, അല്ലെങ്കില്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയും സംഭവിക്കാം. തട്ടിപ്പുകാരന്‍ ഒടിപി, ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ചോദിക്കുകയോ അല്ലെങ്കില്‍ ഒരു പ്രശ്‌നത്തില്‍ നിങ്ങളെ സഹായിക്കുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിദൂരമായി ആക്‌സസ് ചെയ്യാവുന്ന സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്‌തെന്ന് വരാം.
അനധികൃത പേയ്മെന്റുകള്‍ നടത്തിയതിന് ശേഷമോ നിങ്ങളുടെ വെര്‍ച്വല്‍ ഐഡന്റിറ്റി ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ലോണുകള്‍ നേടുകയോ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്തതിന് ശേഷമോ മാത്രമേ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയുകയുള്ളൂ.