സ്വത്ത് ദാനം ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് മസ്കിനെക്കാൾ വലിയ സമ്പന്നന്‍; നഷ്ടമായത് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി

By: 600007 On: Jun 27, 2025, 11:37 AM

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ എന്നും മുന്‍നിരയിലുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ച് ഫോര്‍ബ്‌സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കയ്യിലുണ്ടായിരുന്ന മൈക്രോസോഫ്റ്റ് ഓഹരികളെല്ലാം വില്‍ക്കാതെ സൂക്ഷിച്ചിരുന്നെങ്കില്‍ ബില്‍ ഗേറ്റ്‌സ് ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ (ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള വ്യക്തി) ആകുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2045 ഓടെ തന്റെ ശേഷിക്കുന്ന സമ്പത്ത് മുഴുവന്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കോടികള്‍ നല്‍കിയിട്ടും തീരാത്ത സമ്പത്ത്

ബില്‍ ഗേറ്റ്‌സും മുന്‍ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സും 2000 മുതല്‍ ഗേറ്റ്‌സ് ഫൗണ്ടേഷന് 5,14,886 കോടി രൂപ (60.2 ബില്യണ്‍ ഡോളര്‍) സംഭാവനയായി നല്‍കിയിട്ടുണ്ട്. ഈ ഭീമമായ തുക നല്‍കിയിട്ടും, ഇവര്‍ ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികരില്‍ മുന്‍പന്തിയിലാണ്. ബില്‍ ഗേറ്റ്‌സിന് ഏകദേശം 9,66,276 കോടി രൂപ (113 ബില്യണ്‍ ഡോളര്‍) യും മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സിന് 2,60,000 കോടി രൂപ (30.4 ബില്യണ്‍ ഡോളര്‍) യുമാണ് നിലവിലെ ആസ്തി.

.5 ട്രില്യണ്‍ ഡോളര്‍! ഇലോണ്‍ മസ്‌കിന്റെ മൂന്നിരട്ടി ആസ്തി!

ബില്ലും മെലിന്‍ഡയും ഒരു രൂപ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാതെ, മൈക്രോസോഫ്റ്റിന്റെ ഓരോ ഓഹരിയും കൈവശം വെച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഫോര്‍ബ്‌സ് നടത്തിയ കണക്കുകൂട്ടലുകള്‍ ഞെട്ടിക്കുന്നതാണ്. അവരുടെ സംയുക്ത സമ്പത്ത് ഏകദേശം 1,28,28,000 കോടി രൂപ (1.5 ട്രില്യണ്‍ ഡോളര്‍) ആകുമായിരുന്നു! ഈ തുക ഇലോണ്‍ മസ്‌കിന്റെ ഏറ്റവും ഉയര്‍ന്ന ആസ്തിയുടെ മൂന്നിരട്ടിയിലധികം വരുമായിരുന്നു! മെലിന്‍ഡയാകട്ടെ ഏകദേശം 25,65,600 കോടി രൂപ (300 ബില്യണ്‍ ഡോളര്‍) യുടെ ആസ്തിയോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികയായും മാറിയേനെ.