അമേരിക്കയുമായി ആണവ ചർച്ച തീരുമാനിച്ചിട്ടില്ല'; ട്രംപിന്‍റെ പ്രഖ്യാപനം തള്ളി ഇറാൻ

By: 600007 On: Jun 27, 2025, 11:29 AM

 

 

ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ച നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് - ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്‍റെ ആണവായുധ ശേഷി പരിമിതപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസിന്‍റയും ഇസ്രയേലിന്‍റെയും വാദം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും ജനോപകാരത്തിനായാണ് ഉപയോഗിക്കുന്നതെന്നാണ് ഇറാന്‍റെ വാദം. ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമായെന്ന് അറാഗ്ചി സമ്മതിച്ചു. നിലവിൽ ആണവ പദ്ധതികളുടെ അവസ്ഥ സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസും ഇറാനും അടുത്ത ആഴ്ച ആണവ പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിലാണ് ട്രംപ് പറഞ്ഞത്. എന്നാൽ നിലവിൽ ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാനും ഖത്തറുമായി ആശവിനിമയം നടത്തുകയാണെന്നും കൂടിക്കാഴ്ചയുണ്ടെങ്കിൽ അറിയിക്കുമെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളിലെ ആക്രമണങ്ങൾക്ക് ശേഷം, ഇറാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് സജീവമായി ശ്രമിക്കുന്നുണ്ട്. ഇറാനുമായി കരാർ ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്.