പി പി ചെറിയാന്‍, ഡാളസ്
സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ഒരു ബീച്ചില്‍ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് ഇരുപത് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് സൗത്ത് കരോലിനയിലെ ലെക്‌സിംഗ്ടണ്‍ കൗണ്ടിയിലെ ലേക്ക് മുറെ ഡാമിന് സമീപമുള്ള ഡൊമിനിയന്‍ ബീച്ച് പാര്‍ക്കിലാണ് ഇടിമിന്നല്‍ മൂലമുണ്ടായ 'വൈദ്യുതാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍, എട്ട് മുതിര്‍ന്നവരും 12 പ്രായപൂര്‍ത്തിയാകാത്തവരുമായ 20 രോഗികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇവരില്‍ പതിനെട്ട് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കി. 12 പേരെ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ മൂന്ന് പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ലെക്‌സിംഗ്ടണ്‍ കൗണ്ടിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വനേസ ഡയസ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രോഗികളും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാഷണല്‍ വെതര്‍ സര്‍വീസ് പ്രകാരം, 'ഇടിമിന്നല്‍ ഒരു കൊലയാളിയാണെന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി' 2001 ല്‍ ആരംഭിച്ച മിന്നല്‍ സുരക്ഷാ അവബോധ വാരമാണിപ്പോള്‍. ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ ഇടിമിന്നലില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ ലൈറ്റ്‌നിംഗ് സേഫ്റ്റി കൗണ്‍സില്‍ അറിയിച്ചു.