ഫരീദാബാദ്: രണ്ട് മാസം മുമ്പ് കാണാതായ യുവതിയെ ഭർതൃവീട്ടുകാർ തന്നെ കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ കണ്ടെത്തി. കൊല്ലുന്നതിന് മുമ്പ് ഭർത്താവിന്റെ അച്ഛൻ 24കാരിയെ ബലാത്സംഗം ചെയ്തുവെന്നും ഇയാൾ തന്നെ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക ശേഷം ഭർത്താവും അച്ഛനും ചേർന്ന് പത്ത് അടി ആഴത്തിലുള്ള കുഴിയിൽ മൃതദേഹം ഇട്ട് മണ്ണിട്ട് മൂടി മുകളിൽ സ്ലാബും നിർമിച്ചു.
ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശിനിയായ യുവതിയെ 2023 ജൂലൈ മാസത്തിലാണ് ഫരീദാബാദിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നത്. അന്ന് മുതൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി സഹോദരി പറഞ്ഞു. ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിൽ മാസം 25നാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ അച്ഛൻ പൊലീസിൽ പരാതി നൽകിയത്. ഈ കേസിലെ അന്വേഷണമാണ് ഒടുവിൽ കൊലപാതകവും ബലാത്സംഗവും സ്ത്രീധന പീഡനവും പുറം ലോകത്ത് എത്തിച്ചത്.
ഏപ്രിൽ 14നാണത്രെ യുവതിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഭർത്താവിന്റെ അമ്മയെ ഉത്തർപ്രദേശിലെ ഒരു വിവാഹ ചടങ്ങിന് അയച്ചു. കേസിൽ നിന്ന് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്. ശേഷം ഏപ്രിൽ 21ന് രാത്രി യുവതിയുടെ ഭർത്താവ് യുവതിക്കും വീട്ടിലുണ്ടായിരുന്ന അയാളുടെ സഹോദരിക്കും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. രാത്രി വീടിന്റെ രണ്ട് നിലകളിൽ വ്യത്യസ്ത മുറികളിലാണ് ഇവർ കിടന്നുറങ്ങിയത്.
ബോധരഹിതയായി കഴിഞ്ഞപ്പോൾ ഭർത്താവിന്റെ അച്ഛൻ യുവതിയെ കൊല്ലാനായി മുറിയിലേക്ക് കയറി. കൊലപ്പെടുത്തുന്നതിന് മുമ്പ് യുവതിയെ താൻ ബലാത്സംഗം ചെയ്തുവെന്ന് ഇയാൾ സമ്മതിച്ചു. കൊന്ന ശേഷം മകനെ മുറിയിലേക്ക് വിളിച്ചു. ഇരുവരും ചേർന്നാണ് നേർത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്ന പത്തടി താഴ്ചയുള്ള കുഴിയിൽ മൃതദേഹം കൊണ്ടുപോയി ഇട്ടത്. ഇഷ്ടികയും മണ്ണും നിറച്ച് കുഴി മൂടിയ ശേഷം ഏതാനും ദിവസം കഴിഞ്ഞ് മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമിക്കുകയും ചെയ്തു.
വീട്ടിലെ മലിനജലം ഒഴുക്കുന്നതിനെന്ന് പറഞ്ഞ് ഏതാനും ദിവസം മുമ്പ് തന്നെ പത്തടി താഴ്ചയിൽ കുഴിയെടുത്തിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നാണ് കുഴിയെടുത്തത്. ഇത് അയൽക്കാരും കണ്ടിരുന്നു. രാത്രി ആരുമറിയാതെ മൃതദേഹം അടക്കം ചെയ്ത് കഴിഞ്ഞ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. ഭാഗികമായി ജീർണിച്ച നിലയിൽ മൃതദേഹം പൊലീസ് പുറത്തെടുത്തിട്ടുണ്ട്. അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
യുവതിയുടെ ഭർത്താവ്, ഭർത്താവിന്റ് പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞയുടൻ തന്നെ യുവതി ക്രൂരമായ സ്ത്രീധന പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് സഹോദരി പറഞ്ഞു. പീഡനം സഹിക്കാനാവാതെ മാസങ്ങൾക്കകം യുവതി തിരികെ സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് മടങ്ങിപ്പോയത്.