ഞാന്‍ ചുരുളി സിനിമയ്ക്ക് എതിരല്ല; ഈ തുണ്ട് കടലാസല്ല, എഗ്രിമെന്‍റ് പുറത്തുവിടണം; ജോജു ജോർജ്

By: 600007 On: Jun 26, 2025, 1:50 PM

 

 

 

 

കൊച്ചി: ചുരുളി സിനിമാ വിവാ​ദത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാ​ഗം ഡബ്ബ് ചെയ്തുവെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. പ്രതിഫലം അല്ല വിഷയം. ചുരുളി തന്‍റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് കളിയാക്കുന്നുവെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു. 

"സിനിമ ഫെസ്റ്റിവലിന് വേണ്ടി ഒരുക്കുന്നതെന്നായിരുന്നു എന്നോട് പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേർഷൻ വന്നു. ഐ എഫ് എഫ് കെയിൽ തെറിയില്ലാതെ വേർഷൻ വന്നു. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് വിറ്റു. എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി റിലീസ് ചെയ്യുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇത്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്", എന്ന് ജോജു ജോര്‍ജ് പറയുന്നു. 

ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുന്‍പ് വരെ ഒരാളും എന്നെ വിളിച്ചിട്ടില്ല. എനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവില്‍ ഇക്കാര്യം പരാമർശിച്ചതെന്നും ജോജു പറഞ്ഞു. "മക്കളോട് പുതിയ സ്കൂളിൽ പോയപ്പോള്‍ ആദ്യം ചോദിച്ചത് ചുരുളിയെ കുറിച്ചാണ്. അന്ന് മോൾ എന്നോട് പറഞ്ഞു. അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന്. ഫെസ്റ്റിവല്‍ സിനിമ എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ചുരുളിയില്‍ അഭിനയിച്ചത്. ഞാന്‍ അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിക്കാം എന്ന് പറഞ്ഞു കൊണ്ടുള്ളൊരു എഗ്രിമെന്‍റ് ഉണ്ടാകുമല്ലോ. ഈ തുണ്ട് കടലാസിനൊപ്പം ആ കരാര്‍ കൂടി പുറത്തുവിടണം. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി ഞാന്‍ ചെയ്യില്ല. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തത് കൊണ്ടാണ്. ലിജോ എന്ന സംവിധായകന്‍റെ ആരാധകനാണ് ഞാന്‍. ആ ബഹുമാനവും കൊടുക്കുന്നുണ്ട്", എന്നും ജോജു ജോര്‍ജ് പറഞ്ഞു.