കഴിഞ്ഞ ആറ് വർഷത്തിനിടെ മോൺട്രിയലിൽ വീട്ടുവാടക കുതിച്ചുയരുന്നതാണ് റിപ്പോർട്ട്. 2019ന് ശേഷം വാടകയിൽ ഏകദേശം 71 ശതമാനത്തിൻ്റെ വർദ്ധനയാണ് ഉണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. 2019 നും 2025ൻ്റെ ആദ്യ പാദത്തിനും ഇടയിൽ, രണ്ട് കിടപ്പുമുറി അപ്പാർട്ട്മെൻ്റിൻ്റെ വാടക 1,130 ഡോളറിൽ നിന്ന് 1,930 ഡോളറായി വർദ്ധിച്ചുവെന്ന് ഡാറ്റാ ഏജൻസി പറയുന്നു.
ഇതേ കാലയളവിൽ, രണ്ട് കിടപ്പുമുറി അപ്പാർട്ടുമെൻ്റുകളുടെ ശരാശരി വാടകയിൽ ഏറ്റവും വലിയ വർധനവ് അനുഭവപ്പെട്ടത് ഡ്രമ്മണ്ട്‌വില്ലെയിലും ഷെർബ്രൂക്കിലുമാണ്. ദീർഘകാലമായി വാടകയ്ക്ക് താമസിക്കുന്നവരെ അപേക്ഷിച്ച് പുതിയ വാടകക്കാർ ഉയർന്ന വാടക നല്കേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വാടകയ്ക്ക് താമസിക്കുന്നവർ കൂടുതലുള്ള നഗരങ്ങളിലൊന്നാണ് മോൺട്രിയൽ. ഇത്തരം നഗരങ്ങളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ വളരെ ഉയർന്ന വാടക വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കാനഡയുടെ മറ്റ് ഭാഗങ്ങളിൽ, രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെൻ്റിന് ഉയർന്ന വാടകയുള്ളത് വാൻകൂവറിലാണ്. 3,170 ഡോളറായിരുന്നു ഇവിടത്തെ വാടക നിരക്ക്. ടൊറൻ്റോ ($2,690), വിക്ടോറിയ ($2,680), ഓട്ടവ ($2,490) എന്നിവയും തൊട്ട് പിന്നിലുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് പ്രകാരം മോൺട്രിയൽ ഈ പട്ടികയിൽ 17-ാം സ്ഥാനത്താണ്.
.