കാല്‍ഗറിയില്‍ എയര്‍ ഗണ്ണുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി കാല്‍ഗറി പോലീസ് സര്‍വീസ്. എയര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും പോലീസ് പറഞ്ഞു. എയര്‍ ഗണ്ണുകള്‍ കളിപ്പാട്ടങ്ങളല്ലെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. യുവാക്കളാണ് കൂടുതലായും എയര്‍ഗണ്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
എയര്‍ ഗണ്ണുകള്‍ ഉള്‍പ്പെട്ട ആക്രമണങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വര്‍ധിച്ചു. ഒരു ദിവസം ഒരു പരാതി എന്ന നിലയില്‍ നിന്നും ഒരു ദിവസം എട്ട് കോളുകള്‍ വരെ എയര്‍ ഗണ്ണുകള്‍ സംബന്ധിച്ച് പോലീസിന് ലഭിക്കുന്നുണ്ടെന്നും സിപിഎസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫയര്‍ആംസ് ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് സര്‍ജന്റ് ക്രിസ് ട്യൂഡര്‍ പറഞ്ഞു.
ആര്‍സിഎംപി വെബ്‌സൈറ്റ് അനുസരിച്ച്, ഫയര്‍ ആംസ് ആക്ട് പ്രകാരവും ക്രിമിനല്‍ കോഡ് പ്രകാരവും എയര്‍ ഗണ്ണുകളെ നിരവധി വിഭാഗങ്ങളായി തിരിക്കാം. ഉയര്‍ന്ന പവര്‍ എയര്‍ ഗണ്ണുകള്‍ക്ക് പരമ്പരാഗത തോക്കുകള്‍ക്ക് സമാനമായ ലൈസന്‍സും രജിസ്‌ട്രേഷനും ആവശ്യമുണ്ടെങ്കിലും മറ്റുള്ളവ തോക്കുകളായി വര്‍ഗീകരിക്കാന്‍ തക്ക ശക്തിയുള്ളവയല്ല. അവ ആര്‍ക്കും സ്വതന്ത്രമായി വാങ്ങാം. എങ്കിലും ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു.
പൊതുഇടങ്ങളില്‍ തോക്ക് പോലെ തന്നെ തോന്നിക്കുന്ന ഒന്ന് കാണുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടും. ഇത് ആയുധമാണോ അല്ലയോ എന്ന് തിരിച്ചറിയാനും സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയും എല്ലാ ഭീഷണികളെയും യഥാര്‍ത്ഥമായി കണക്കാക്കേണ്ട പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവതരമായ പ്രതികരണമുണ്ടാവുകയും ചെയ്യും.
നഗരപരിധിക്കുള്ളില്‍ എയര്‍ ഗണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അവ ഗുരുതരമായ പരുക്കുകള്‍ക്ക് കാരണമാകും. ഭീഷണിപ്പെടുത്തുന്നതിനോ, കുറ്റകൃത്യം ചെയ്യുന്നതിനോ എയര്‍ ഗണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താമെന്നും പോലീസ് വ്യക്തമാക്കി.