കാനഡയിലുള്ള ഇറാനിയന്‍ ഭരണകൂടത്തിലുണ്ടായിരുന്ന മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ച് കാനഡ. സമീപ വര്‍ഷങ്ങളിലായി കാനഡയിലെത്തിയ മൂന്ന് പേരും രാജ്യത്ത് തുടരാന്‍ യോഗ്യതയില്ലാത്തവരാണെന്ന് കണ്ടെത്തിയതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറിയിച്ചു.
രണ്ട് പേരെ ഉടന്‍ നാടുകടത്തുമെന്നും ഒരാളെ രാജ്യത്ത് നിന്നും നീക്കം ചെയ്തതായും ഏജന്‍സി വ്യക്തമാക്കി. ഇറാനും ഇസ്രായേലും തമ്മിലുള്ള നിലവിലെ ശത്രുത, കാനഡയിലെ ഇറാനിയന്‍ ഭരണകൂട അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ നിരീക്ഷണം നടത്തുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീവ്രവാദം, മനുഷ്യാവകാശ ലംഘനം എന്നിവയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഇറാനിലെ മുതിര്‍ന്ന സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഭരണകൂട അംഗങ്ങള്‍ക്ക് കാനഡയിലേക്ക് പ്രവേശനമില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 2022 ല്‍ പ്രഖ്യാപിച്ചിരുന്നു.