വെസ്റ്റ്‌ജെറ്റും ലുഫ്താന്‍സയും സംയുക്തമായി കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഫെസിലിറ്റി സെന്ററിന് തറക്കല്ലിട്ടു. ഫെബ്രുവരിയില്‍ ജര്‍മ്മന്‍ എയര്‍ക്രാഫ്റ്റ് സര്‍വീസസ് കമ്പനിയായ ലുഫ്താന്‍സ ടെക്‌നിക്കുമായി(Lufthansa Technik) ചേര്‍ന്ന് എഞ്ചിന്‍ റിപ്പയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല വാണിജ്യ കരാര്‍ വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെസിലിറ്റി സെന്റര്‍ നിര്‍മാണം. ഫെഡറല്‍ ഇന്നൊവേഷന്‍, സയന്‍സ്, ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ മെലാനി ജോളി, കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്, ആല്‍ബെര്‍ട്ട ജോബ്‌സ്, ഇക്കണോമി, ട്രേഡ്, ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ജോസഫ് ഷോ എന്നിവര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഫെസിലിറ്റി സെന്ററില്‍ ഏകദേശം 50 വെസ്റ്റ്‌ജെറ്റ് ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് സര്‍വീസ് ലഭ്യമാകും. വിദേശത്ത് സര്‍വീസ് ലഭ്യമാക്കുന്നതിന് പകരം, സ്വദേശത്ത് കാല്‍ഗറിയില്‍ തന്നെ ജെറ്റുകള്‍ പരിപാലിക്കാനും പരീക്ഷിക്കാനും ഫെസിലിറ്റി സെന്ററില്‍ സൗകര്യമുണ്ടാകും. ഇത് പ്രവര്‍ത്തന രഹിത സമയം കുറയ്ക്കുന്നതിനും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ഉദ്വമനം കുറയ്ക്കുന്നതിനും സഹായിക്കും.
120 മില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഫെസിലിറ്റി സെന്റര്‍ നിര്‍മാണം 2027 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും പദ്ധതിയിലൂടെ കാല്‍ഗറിയില്‍ 160 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമന്നാണ് കരുതുന്നത്.