ഇറാനിൽ നിന്നുള്ള ആഭ്യന്തര ഭീഷണികളെ കാനഡ ഗൗരവമായി കാണണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. സെൻ്റർ ഫോർ ഇസ്രായേൽ ആൻഡ് ജൂയിഷ് അഫയേഴ്‌സ് ആണ് (സിഐജെഎ) ആവശ്യവുമായി ഏറ്റവുമൊടുവിൽ രംഗത്തെത്തിയത്. ഇറാനിയൻ ഏജൻ്റുമാരുടെ നുഴഞ്ഞുകയറ്റം തടയാനും ഭീകരതയെ മഹത്വവൽക്കരിക്കുന്നത് നിരോധിക്കാനും മന്ത്രി ആനന്ദസംഗരിയോട് സിഐജെഎ ആവശ്യപ്പെട്ടു.
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾ ഒരു വെടിനിർത്തലോടെ അവസാനിക്കുന്നതായി തോന്നിയേക്കാം. എന്നാൽ ഇറാനിൽ നിന്നുള്ള ഭീഷണി അതിൻ്റെ ആണവ മിസൈൽ പദ്ധതികൾക്കപ്പുറമാണെന്ന് കാനഡക്കാർ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന് സിഐജെഎയുടെ ഇടക്കാല പ്രസിഡൻ്റ് നോഹ ഷാക്ക് പറഞ്ഞു. തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാൻ്റെ നടപടി, ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇത് കാനഡക്കാരെ വിദേശത്തും സ്വദേശത്തും അപകടത്തിലാക്കുകയും ചെയ്യുന്നതായി നോഹ ഷാക്ക് പറഞ്ഞു. കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ നടത്താൻ ഇറാനിയൻ ഭരണകൂടം "സ്ലീപ്പർ സെല്ലുകൾ" ഒരുക്കിയിട്ടുണ്ടാകാമെന്ന് മുൻ നീതിന്യായ മന്ത്രി ഇർവിൻ കോട്ളറും വ്യക്തമാക്കി. ഇറാനൊരുക്കിയ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ കൂടിയാണ് ഇർവിൻ കോട്ളർ. ഇറാൻ സർക്കാരുമായോ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായോ ബന്ധമുള്ള 700 ഓളം ആളുകൾ കാനഡയിലുണ്ടാകാമെന്ന് നേരത്തെ വാർത്താ റിപ്പോർട്ടുകളുണ്ടായിരുന്നു.
കാനഡയിലെ ഇസ്രായേൽ വിരുദ്ധ റാലികളിൽ ഇറാൻ ഭരണകൂടത്തിൻ്റെ പതാകകൾ സാധാരണ കാഴ്ചയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ CUPE, OPSEU അടക്കമുള്ള യൂണിയനുകളുടെ പിന്തുണയോടെ ടൊറൻ്റോ നഗരത്തിൽ നടന്ന ഇറാൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തവർ അസ്വസ്ഥത ഉളവാക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിച്ചത് ആശങ്ക ഉയർത്തിയിരുന്നു.