ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ കോമണ്‍-ലോ ബോയ്ഫ്രണ്ട് അറസ്റ്റിലായി. 40 വയസ്സുള്ള ശാലിനി സിംഗിന്റെ മരണത്തിലാണ് ലിവ്-ഇന്‍ പാര്‍ട്ണറായ ജെഫ്രി സ്മിത്തി(42)നെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 10 മുതല്‍ കാണാതായ ശാലിനി സിംഗിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനായ ജെഫ്രി സ്മിത്ത് അറസ്റ്റിലായതെന്ന് ഹാമില്‍ട്ടണ്‍ പോലീസ് അറിയിച്ചു.
ശാലിനി സിംഗിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 ന് ഹാമില്‍ട്ടണിനടുത്തുള്ള കാലിഡോണിയയിലുള്ള ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്ലില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. മെയ് 21 ന് ഈ സ്ഥലത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ ശാലിനി സിംഗിന്റേതാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പിന്നീട് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ശാലിനി സിംഗിന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ജെഫ്രി സ്മിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.