കാല്‍ഗറിയില്‍ നിവാസികള്‍ പൊതുസ്ഥലത്ത് ആയുധം പ്രദര്‍ശിപ്പിക്കുകയോ ബിയര്‍ സ്‌പ്രേ പോലുള്ള വിഷവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ പുതിയ ബൈലോ പ്രകാരം പിഴ ഈടാക്കും. നഗരത്തിലുടനീളമുള്ള പൊതുസുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പബ്ലിക് ബിഹേവിയര്‍ ബൈലോയിലെ ആയുധ വിഭാഗത്തിലെ മാറ്റങ്ങള്‍ കാല്‍ഗറി സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. നിയമപരമായ ഉദ്ദേശ്യത്തിനല്ലാതെ ആയുധങ്ങളുടെയും ദോഷകരമായ വസ്തുക്കളുടെയും തുറന്ന പ്രദര്‍ശനം പുതുക്കിയ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ട്.
സിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം വസ്തുക്കളുടെ പ്രദര്‍ശനം മുന്‍കൈയെടുത്ത് പരിഹരിക്കാനും സാധ്യതയുള്ള ഭീഷണികള്‍ വര്‍ധിക്കുന്നതിന് മുമ്പ് അവയെ നേരിടാനും ഭേദഗതിയില്‍ അനുവദിക്കുന്നുവെന്ന് സിറ്റി വ്യക്തമാക്കി. ആക്രമണങ്ങളിലും കവര്‍ച്ചകളിലും ആയുധമായി ബിയര്‍ സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ബൈലോ മാറ്റങ്ങള്‍ പ്രകാരം, വസ്തുക്കള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമല്ല. പക്ഷേ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നുന്ന വസ്തുക്കള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ലംഘനമാണ്. ബൈലോ പ്രകാരമുള്ള ലംഘനങ്ങള്‍ക്ക് 250 ഡോളര്‍ പിഴയാണ് ചുമത്തുക.