കാനഡ യൂറോപ്പുമായി സുരക്ഷാ പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ബ്രസ്സൽസിൽ നടന്ന ഉച്ചകോടിയിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചതോടെ, കാനഡയും യൂറോപ്യൻ യൂണിയനും സഹകരണത്തിൻ്റെ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചു. പ്രതിരോധ രംഗത്ത് കാനഡയും യൂറോപ്പും തമ്മിലുള്ള സഹകരണത്തിനാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്. കൂടാതെ റീആം യൂറോപ്പ് എന്നറിയപ്പെടുന്ന പുതിയ പ്രതിരോധ സംഭരണ പരിപാടിയിൽ കാനഡയും പങ്കാളിയാകുന്നതിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ് ഇത്.
കാനഡ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പ്രതിരോധ സംഭരണത്തിനായി കൂടുതൽ വഴികൾ തേടുകയാണ് പ്രധാനമന്ത്രി മാർക് കാർണി. അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ്, ഉച്ചകോടിയിൽ വെച്ച് കാർണി യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റയുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നുമായും കൂടിക്കാഴ്ച നടത്തി. കാനഡയും യൂറോപ്യൻ യൂണിയനും ലോകത്തെ ഒരേ കണ്ണിലൂടെയാണ് നോക്കുന്നതെന്നും ഈ കൂടിക്കാഴ്ച പങ്കാളിത്തത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോയെന്നും കോസ്റ്റ പറഞ്ഞു. ഇതുവരെ പൂർത്തിയായതിൽ വച്ച് ഏറ്റവും സമഗ്രമായ കരാറാണിതെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. കാനഡയുമായുള്ള സൗഹൃദവും പങ്കാളിത്തവും പുനഃസ്ഥാപിക്കുക മാത്രമല്ല, അത് പുനർനിർമ്മിക്കാനും യൂറോപ്യൻ ആഗ്രഹിക്കുന്നതായും ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു.