വിസകൾക്ക് അപേക്ഷിക്കുന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശം പ്രഖ്യാപിച്ച് യു എസ് എംബസി

By: 600110 On: Jun 24, 2025, 3:20 PM

ഇന്ത്യയിൽ നിന്ന് സ്റ്റുഡൻ്റ്, എക്സ്ചേഞ്ച് വിസിറ്റർ വിസകൾക്ക് അപേക്ഷിക്കുന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശം പ്രഖ്യാപിച്ച് യു എസ് എംബസി. പുതിയ മാർഗനിർദ്ദേശങ്ങൾ എഫ്, എം, ജെ നോൺ-ഇമിഗ്രൻ്റ് വിസകൾക്കായി അപേക്ഷിക്കുന്ന എല്ലാവർക്കും ബാധകമാണ്. വിസയ്ക്ക് അപേക്ഷിക്കുന്നവർ  അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇനി കാണിക്കേണ്ടതുണ്ട്. വിസ അപേക്ഷകരുടെ ഐഡൻ്റിറ്റിയും യോഗ്യതയും പരിശോധിക്കാൻ യുഎസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബസി അറിയിച്ചു.

വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ആരാണെന്ന് പരിശോധിക്കുന്നതിനും അമേരിക്കയിലേക്ക് പ്രവേശനം നല്കാൻ അനുയോജ്യനാണോ എന്ന് ഉറപ്പാക്കുന്നതിനും പുതിയ മാറ്റം ആവശ്യമാണെന്ന്  യുഎസ് എംബസി വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി എഫ്, എം, ജെ നോൺ ഇമിഗ്രൻ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും അവരുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും പ്രൈവസി സെറ്റിംഗ്സ്   ക്രമീകരിക്കണമെന്ന് എംബസി ആവശ്യപ്പെടുന്നു. യുഎസിലെ എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാമുകളിൽ പഠിക്കാനോ പങ്കെടുക്കാനോ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഏജൻസി നൽകുന്ന സാധാരണ നോൺ-ഇമിഗ്രൻ്റ് വിസകളാണ് എഫ്, എം, ജെ വിസകൾ. അക്കാദമിക് വിദ്യാർത്ഥികൾ സാധാരണയായി എഫ് വിസയും, വൊക്കേഷണൽ വിദ്യാർത്ഥികൾ എം വിസയും, ഗവേഷകർ, പണ്ഡിതന്മാർ, ഇന്റേണുകൾ എന്നിവരുൾപ്പെടെ എക്സ്ചേഞ്ച് വിസിറ്റർമാർ ജെ വിസയും ഉപയോഗിക്കുന്നു.