ലിമ: സ്വകാര്യ കമ്പനിക്കായി പൈപ്പിടുന്ന ജോലികൾക്കായി കുഴികൾ എടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ കണ്ടെത്തിയത് പ്രീ ഹിസ്പാനിക് കാലഘട്ടത്തിൽ നിന്നുള്ള ശവകുടീരം. പെറുവിലെ ലിമയിലാണ് നിർമ്മാണ തൊഴിലാളികൾ ആയിരം വർഷം പഴക്കമുള്ള 'മമ്മി' കണ്ടെത്തിയത്. തെക്കൻ അമേരിക്കയിൽ പ്രത്യേകിച്ച് പെറുവിലും ഇക്വഡോറിലും സാധാരണമായി കാണപ്പെടുന്ന മരമായ ഹുറാംഗോ മരത്തിന്റെ കാതലും ഇതിനടുത്ത് നിന്നായി കണ്ടെത്തിയിട്ടുണ്ട്.
10നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. തറ നിരപ്പിൽ നിന്ന് ഏറെ ആഴത്തിൽ അല്ലാതെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. ആയിരം വർഷങ്ങൾക്ക് മുൻപുള്ള സംസ്കാര രീതിയിലാണ് അസ്ഥികൂടമുള്ളത്. കാലുകൾ ചമ്രം പടിഞ്ഞ നിലയിലും കൈകൾ ശരീരത്തിന് കുറുകെ വച്ച നിലയിലുമാണ് അസ്ഥികൂടം കണ്ടെത്തിയിട്ടുള്ളത്. അസ്ഥികൂടത്തിന് സമീപത്തായി ചുരയ്ക്കയും കണ്ടെത്തിയിട്ടുണ്ട്.
സെറാമിക് പ്ലേറ്റുകളും പാത്രങ്ങളും കുപ്പികളും മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ള ജ്യാമിതി രൂപങ്ങളും ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 11ാം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനും ഇടയിൽ ലിമയിലുണ്ടായിരുന്ന ബാലന്റേതാണ് അസ്ഥികൂടമാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പുരാവസ്തു വകുപ്പ് വിശദമാക്കുന്നത്. ലിമയുടെ വടക്കൻ മേഖലയായ പുന്റെ പിയെഡ്രയിലേക്ക് ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി കുഴിക്കുമ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.