ഒടുവില്‍ ട്രംപിനും ഇസ്രായേലിനോട് പറയേണ്ടി വന്നു; 'ഇനി ബോംബിടരുത്, പൈലറ്റുമാരെ തിരിച്ചുവിളിക്കണം'

By: 600007 On: Jun 24, 2025, 2:23 PM

 

 

വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയെന്നും തിരിച്ചടിക്കുമെന്നുമുള്ള ഇസ്രായേലിന്റെ പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇനി ഇറാനിൽ ബോംബ് വർഷിക്കരുതെന്നും പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായേൽ ഇനി ബോംബുകൾ വർഷിക്കരുത്. അങ്ങനെ ചെയ്താൽ കാരാർ ലംഘനമാകും. പൈലറ്റുമാരെ ഉടൻ തിരിച്ചുവിളിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിന്റെ ആവശ്യം അറിയിച്ചത്. 

ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്തതായും, ടെഹ്‌റാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും തകർത്തതിന് ശേഷം യുഎസ് നിർദ്ദേശിച്ച വെടിനിർത്തലിന് സമ്മതിച്ചതായും ഇസ്രായേൽ സർക്കാർ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷം, രണ്ട് ഇറാനിയൻ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ പറഞ്ഞു. 

ഇറാന്റെ ആക്രമണത്തിന് സൈന്യം ശക്തമായി പ്രതികരിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. പിന്നാലെയാണ് ട്രംപ് രം​ഗത്തെത്തിയത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചെന്ന വാർത്ത ഇറാൻ നിഷേധിച്ചു. ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ, യുദ്ധം തുടരാൻ ഉദ്ദേശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ പറഞ്ഞിരുന്നു.