പുതിയ കപ്പലുകളുടെ നിർമ്മാണത്തിനായി കനേഡിയൻ കമ്പനികളെ പരിഗണിക്കാതെ ചൈനീസ് കപ്പൽശാല തിരഞ്ഞെടുത്തതിന് ബിസി ഫെറീസിനെതിരെ വിമർശനം ഉയരുന്നു. കനേഡിയൻ കപ്പൽ നിർമ്മാതാക്കൾക്ക് വലിയ കപ്പലുകൾ നിർമ്മിക്കാൻ കഴിയുമോ എന്ന സംശയമാണ് ഈ തീരുമാനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. അതേസമയം, നോർത്ത് വാൻകൂവറിലെ സീസ്പാൻ കപ്പൽശാല ഒരു പ്രധാന നാഴികക്കല്ലിൽ എത്തിച്ചേരുകയും ചെയ്തു.
കനേഡിയൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ പര്യവേഷണ കപ്പലായ CCGS നാലക് നപ്പാലുക്ക് ട്രയലിനായി കപ്പൽശാലയിൽ നിന്നും യാത്ര തിരിച്ചു. 289 അടി നീളമുള്ള ഈ കപ്പൽ നിർമ്മിച്ചത് സീസ്പാൻ കപ്പൽശാലയാണ്. വലിയ കപ്പലുകൾ നിർമ്മിക്കാനുള്ള സീസ്പാൻ കപ്പൽശാലയുടെ തെളിവ് കൂടിയായി ഇത്. 2024 ഓഗസ്റ്റിലായിരുന്നു ഈ കപ്പൽ ആദ്യമായി ട്രയൽ തുടങ്ങിയത്. 2025 വേനൽക്കാലത്ത് ഔദ്യോഗികമായി ഇത് നീറ്റിലിറക്കും. കപ്പലിൻ്റെ പുരോഗതിയെ പ്രശംസിച്ച ഫിഷറീസ് മന്ത്രി ജോവാൻ തോംസൺ സമുദ്ര ഗവേഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള കാനഡയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഇതെന്നും വ്യക്തമാക്കി. ഇതിനിടെയാണ് പുതിയ കപ്പലുകളുടെ നിർമ്മാണത്തിനായി കനേഡിയൻ കമ്പനികളെ പരിഗണിക്കാതെ ബിസി ഫെറീസ് ചൈനീസ് കപ്പൽശാല തിരഞ്ഞെടുത്തത്. ചെലവ് കുറവെന്ന കാരണം ചൂണ്ടിക്കാടിയാണ് ബിസി ഫെറീസ് ഈ തീരുമാനമെടുത്തത്. എന്നാൽ വ്യാപാര സംഘർഷങ്ങൾ, ദേശീയ സുരക്ഷ തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ചൈനീസ് കമ്പനിക്ക് കരാർ നല്കിയത് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. മുൻപും ബിസി ഫെറീസ് അന്താരാഷ്ട്ര കപ്പൽനിർമ്മാണശാലകൾക്കാണ് കപ്പൽ നിർമ്മാണത്തിന് കരാർ കൊടുത്തിട്ടുള്ളത്.