വീണ്ടും ഇസ്രയേല്‍ ആക്രമണം; ഇറാനിലെ ഫോര്‍ദോ ആണവനിലയം ആക്രമിച്ചു, ടെഹ്റാനിലെ എവിൻ ജയിലും ആക്രമണം

By: 600007 On: Jun 23, 2025, 3:38 PM

 

 

ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിന്‍റെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവവികിരണ ഭീഷണി ഇല്ലെന്നും അറിയിപ്പ്. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബിട്ടത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓ‍ർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.