ഒൻ്റാരിയോയിലും ക്യൂബെക്കിലും കാണപ്പെടുന്ന ഹീറ്റ് ഡോം പ്രതിഭാസം കാനഡയുടെ പല ഭാഗങ്ങളിലും മോശം കാലാവസ്ഥയ്ക്ക് കാരണമാകുന്നു എന്ന് റിപ്പോർട്ട്. ഭൂഖണ്ഡത്തിൻ്റെ കിഴക്കൻ ഭാഗത്തെ ചുട്ടുപൊള്ളുന്ന താപനില മറ്റ് പ്രദേശങ്ങളിൽ സാധാരണയിലും താഴെയുള്ള താപനിലയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് മൂലം പടിഞ്ഞാറൻ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നും വെതർ കാനഡയിലെ കാലാവസ്ഥാ നിരീക്ഷകൻ ജൂലിയൻ പെല്ലറിൻ പറയുന്നു.
ഒരു സെക്ടറിൽ ഒരു ഹീറ്റ് ഡോം ഉണ്ടെങ്കിൽ, മറ്റൊരു സെക്ടറിൽ നിങ്ങൾക്ക് തണുത്ത വായു പ്രതീക്ഷിക്കാമെന്നും പെല്ലെറിൻ പറയുന്നു. ഹീറ്റ് ഡോം അമേരിക്കയിൽ നിന്നാണ് വരുന്നത്. വേഗത്തിൽ നീങ്ങാത്ത ഒരു ഉയർന്ന മർദ്ദ സംവിധാനമാണിത്. തെക്കൻ ഒൻ്റാരിയോയിലും തെക്കൻ ക്യൂബെക്കിലും തീവ്രമായ ചൂടിനും ഈർപ്പമുള്ള വായുവിനും ഇത് കാരണമാകും. അടുത്ത മൂന്ന് ദിവസത്തേക്ക് അത് അവിടെ തുടരുമെന്നും വിദഗ്ദ്ധർ പറയുന്നു. ഇത് മൂലം തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോ മുതൽ നോർത്ത് ബേ, സഡ്ബറി, ടിമ്മിൻസ് എന്നിവിടങ്ങളിൽ അപകടകരമായ താപനില അനുഭവപ്പെട്ടേക്കാം. ക്യൂബെക്കിൽ മോൺട്രിയൽ മുതൽ ഷാവിനിഗൻ വരെയും വടക്ക് അബിറ്റിബി വരെയും ഉയർന്ന താപനില പ്രതീക്ഷിക്കുന്നുണ്ട്