കൂടുതൽപ്പേർ കനേഡിയൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾത്തന്നെ സൈന്യത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും കൂടുന്നുവെന്ന് റിപ്പോർട്ട്. കനേഡിയൻ സൈന്യത്തിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് . എന്നാൽ കൂടുതൽ ആളുകൾ സൈന്യത്തിലേക്ക് കടന്നുവരുമ്പോഴാണ്, എൻറോൾ ചെയ്ത ആയിരക്കണക്കിന് അംഗങ്ങൾ പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നത്.
സായുധ സേനയെ പുനർനിർമ്മിക്കാനും രാജ്യം യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള നടപടികളുമായി പ്രധാനമന്ത്രി മാർക്ക് കാർണി മുന്നോട്ട് പോകുമ്പോഴാണ് സൈന്യത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും പരിധി വിട്ടുയരുന്നത്.
സാധാരണ സേനകളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് വർദ്ധിച്ചുവെന്നാണ് ദേശീയ പ്രതിരോധ വകുപ്പിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024നും 2025നും ഇടയിൽ 5,026 പേർ സൈന്യം വിട്ടു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 4,256 ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സൈന്യത്തിൽ തുടരാൻ തീരുമാനിക്കുന്ന റിസർവിസ്റ്റുകളുടെ എണ്ണം അല്പം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ 5,026 അംഗങ്ങളുടെ നഷ്ടം ഈ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ്. മൊത്തത്തിൽ, സ്ഥിതി വലിയതോതിൽ നിശ്ചലമായി തുടരുകയാണെന്ന് ഡിഎൻഡി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം റെഗുലർ സേനകളിലെ റിക്രൂട്ട്‌മെൻ്റ് റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ എൻറോൾ ചെയ്ത 6,706 പേർക്കും അടിസ്ഥാന പരിശീലനം പൂർത്തിയാക്കാനായിട്ടില്ല.