ഹാക്കിംഗിന് ചൈനീസ് ബന്ധം; നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ അപഹരിക്കപ്പെട്ടതായി കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി  

By: 600002 On: Jun 23, 2025, 11:54 AM

 

ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിട്ടുള്ള സമീപകാല ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ചൈനീസ് പിന്തുണയുള്ള ഹാക്കര്‍മാര്‍ ആയിരിക്കാമെന്ന് കനേഡിയന്‍ സൈബര്‍ സുരക്ഷാ ഏജന്‍സി. ഒരു കനേഡിയന്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ സൈബര്‍ ആക്രമണങ്ങളില്‍ അപഹരിക്കപ്പെട്ടതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 

ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള സാള്‍ട്ട് ടൈഫൂണ്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെ തങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയും യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും വെള്ളിയാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കനേഡിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈബര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈബര്‍ സെന്ററിന് അറിയാം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാള്‍ട്ട് ടൈഫൂണ്‍ ഉള്‍പ്പെടെയുള്ള സൈബര്‍ സംഘങ്ങളെ ചൈനീസ് സര്‍ക്കാരിന്റെ അറിവോടെ നിയമിക്കുന്നതായിരിക്കുമെന്ന് സെന്റര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ സാള്‍ട്ട് ടൈഫൂണില്‍ ചൈനീസ് സര്‍ക്കാരിന്റെ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ചൈനീസ് സര്‍ക്കാര്‍ തള്ളിയിരുന്നു. അമേരിക്കയുടെ ആരോപണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയും ചെയ്തു.