ട്രംപിനെ മടുത്തു; അമേരിക്കന്‍ നഗരത്തിലെ തെരുവിന് താല്‍ക്കാലികമായി കാനഡയുടെ പേര് നല്‍കി

By: 600002 On: Jun 23, 2025, 11:16 AM

 


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളില്‍ മനംമടുത്ത രാജ്യത്തെ ഒരു നഗരം, കാനഡയ്ക്ക് പിന്തുണ പ്രകടിപ്പിച്ച് രംഗത്തെത്തി. വെര്‍മോണ്ട് സംസ്ഥാനത്തെ ബര്‍ലിംഗ്ടണ്‍ നഗരത്തിലെ ചര്‍ച്ച് സ്ട്രീറ്റിന്റെ പേര് താല്‍ക്കാലികമായി കാനഡ സ്ട്രീറ്റ് എന്നാക്കി മാറ്റിയാണ് പിന്തുണ അറിയിച്ചത്. വിവധ തരം കടകളും റസ്റ്റോറന്റുകളും മാര്‍ക്കറ്റ്‌പ്ലെയ്‌സുകളുമുള്ള പ്രശസ്തമായ തെരുവാണ് ചര്‍ച്ച് സ്ട്രീറ്റ്. ഈ സ്ട്രീറ്റിന്റെ പേര് കാനഡ സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പ്രാദേശിക കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തു. സെപ്റ്റംബര്‍ 1 ലേബര്‍ ഡേ വരെ ഈ പേര് നിലനില്‍ക്കും. 

കാനഡയെ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കണമെന്നതും താരിഫ് നയങ്ങളും ട്രംപിനെതിരെ കനേഡിയന്‍ പൗരന്മാരിലും അമേരിക്കയിലെ ചില വിഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധ സൂചകമായി അമേരിക്കയിലേക്കുള്ള അവധിക്കാല യാത്രകള്‍ കനേഡിയന്‍ പൗരന്മാര്‍ കൂട്ടത്തോടെ ഒഴിവാക്കി. അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. 

ഡൗണ്‍ടൗണ്‍ ബിസിനസ് വരുമാനത്തിന്റെ 15 ശതമാനം കനേഡിയന്‍ ടൂറിസത്തില്‍ നിന്നാണ് വരുന്നതെന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള യാത്രകളിലെ ഗണ്യമായ കുറവ് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബര്‍ലിംഗ്ടണ്‍ സിറ്റി കൗണ്‍സിലര്‍ ബെക്ക ബ്രൗണ്‍ മക്‌നൈറ്റ് പറഞ്ഞു. ഓരോ വര്‍ഷവും 750,000 കനേഡിയന്‍ പൗരന്മാര്‍ വെര്‍മോണ്ട് സന്ദര്‍ശിക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തെ ഏകദേശം 650,000 ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും ബെക്ക ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു.