ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് ചോര്‍ച്ച കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലോകത്തെ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ ഉപയോക്താക്കള്‍ ആശങ്കയിലാണ്. 16 ബില്യണ്‍ യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ചോര്‍ന്നതായാണ് സൈബര്‍ സുരക്ഷാ ഗവേഷകര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക്, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 30 ഡാറ്റാബേസ് സെറ്റുകളാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഓരോന്നിലും പത്ത് മില്യണ്‍ മുതല്‍ 3.5 ബില്യണ്‍ വരെയുള്ള രേഖകളുണ്ടെന്നാണ് കണ്ടെത്തല്‍. അതില്‍ യൂസര്‍ നെയിമുകള്‍, പാസ്‌വേഡുകള്‍, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍, സാധാരണ ഉപയോക്താക്കളുടെയും കോര്‍പ്പറേറ്റ് കമ്പനി ജീവനക്കാരുടെയും വിപിഎന്‍ ആപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം, ഡാറ്റാബേസ് ഉടമകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. സൈബര്‍ കുറ്റവാളികള്‍ക്ക് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ അജ്ഞാതരില്‍ നിന്നുള്ള ടെക്‌സ്റ്റ് സന്ദേശങ്ങളുടെയും ഇമെയിലുകളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ ഗവേഷകര്‍ നിര്‍ദ്ദേശിച്ചു.
ഈ ചോര്‍ച്ചകളെല്ലാം ട്രാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ചില ഹാക്കര്‍മാര്‍ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഡാറ്റ ഒരുമിച്ച് പാക്കേജ് ചെയ്ത് വില്‍ക്കുന്നുവെന്നും ഇവര്‍ പറയുന്നു. ക്രെഡന്‍ഷ്യല്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പ്രത്യേകിച്ച് ചോര്‍ച്ച നടന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റാന്‍ ഉപയോക്താക്കളോട് സുരക്ഷാ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഡാറ്റാ ലംഘനം തടയുന്നതിന് പാസ്‌വേഡുകള്‍ വ്യത്യാസപ്പെടുത്തുകയും അത് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന്‍ സൈബര്‍ സുരക്ഷ നല്‍കും. ആരെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആക്‌സസ് ലഭിക്കുന്നതിന് മുമ്പ് ഇമെയില്‍ അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജ് വഴി അയച്ച കോഡ് നല്‍കാന്‍ നിര്‍ബന്ധിതരാക്കും. അതിനാല്‍ ഹാക്കിംഗ് ശ്രമങ്ങള്‍ തടയാന്‍ ഈ പ്രക്രിയ ഉപയോക്താക്കളെ സഹായിക്കുന്നുവെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കി.