ഒരാളുടെ മൃതദേഹം കണ്ടത് ജന്മദിനത്തിൽ, ഹമാസ് ബന്ദിയാക്കിയ 3 ഇസ്രയേലികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

By: 600007 On: Jun 22, 2025, 2:42 PM

 

ടെല്‍ അവീവ്: ഗാസ മുനമ്പിൽ ഹമാസ് 2023ൽ തടവിലാക്കിയ മൂന്ന് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പില്‍ നടത്തിയ തെരച്ചിലിൽ ഒരു വനിതയടക്കം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ജോനാഥന്‍ സമെറാനോ (21), ഒഫ്ര കെയ്ദര്‍ (70), ഷേ ലെവിന്‍സണ്‍ (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരാണ് മൂവരും.

ഇതിൽ ജോനാഥന്റെ 23-ാം ജന്മദിനത്തിലാണ് മകന്റെ ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് പിതാവ് കോബി സമെറാനോ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് കൂട്ടക്കൊല നടത്തിയിരുന്നു. ഹമാസിന്‍റെ ആക്രമണത്തില്‍ 1,200-ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരിൽ മൂന്ന് പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുയെന്ന ലക്ഷ്യത്തോടെ സംയുക്ത സൈന്യം നടത്തിയ തെരച്ചലിലാണ് മൂന്ന് പേരെയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹമാസ് പിടിച്ചടക്കിയ ബന്ദികളെ തിരികെക്കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

അതിനിടെ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം മൂർച്ഛിക്കുന്നതിലും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടികൾ ഒഴിവാക്കാനും സംഘർഷം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്റെ ആണവ നിലയങ്ങൾക്ക് മേൽ അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുവൈത്തും ബഹ്റൈനും തയാറെടുപ്പുകൾ തുടങ്ങി.