100ാം വയസിൽ സ്തനാർബുദം ബാധിച്ചപ്പോൾ പതറാതെ മുന്നോട്ട് നീങ്ങിയ ഒരാളാണ് ഇല്ലിനോയിസ് സ്വദേശിയായ ലെയ്ൻ ഹോർവിച്ച്. ബ്രെസ്റ്റ് ക്യാൻസർ പിടിപ്പെട്ടപ്പോഴും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് ലെയ്ന് ഉറപ്പ് ഉണ്ടായിരുന്നു. 100 വയസ്സ് തികഞ്ഞ് വെറും രണ്ട് മാസത്തിന് ശേഷമാണ് സ്തനാർബുദം ബാധിച്ചത്.
നൈറ്റ് ഗൗൺ ധരിക്കുന്നതിനിടെ സ്തനത്തിൽ മുഴ ശ്രദ്ധയിൽ പെടുകയും തുടർന്ന് മാമോഗ്രാം പരിശോധനയിലൂടെ ബ്രെസ്റ്റ് ക്യാൻസറാണെന്ന് കണ്ടെത്തുകയായിരുന്നു. സ്റ്റേജ് 1 സ്തനാർബുദമാണെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. തുടക്കത്തിലായത് കൊണ്ട് തന്നെ രോഗത്തിൽ നിന്ന് രക്ഷ നേടി. ഇപ്പോൾ 101 വയസ്സിൽ ക്യാൻസർ മുക്തയാണ്. രാത്രിയിൽ നൈറ്റ്ഗൗൺ ധരിക്കുമ്പോൾ ഒരു മുഴ കാണുകയും അങ്ങനെ പരിശോധിക്കുകയുമായിരുന്നുവെന്ന് ഹോർവിച്ച് എൻബിസി ന്യൂസിനോട് പറഞ്ഞു.
പ്രായം കണക്കിലെടുത്ത് ഷിക്കാഗോയ്ക്കടുത്തുള്ള എൻഡവർ ഹെൽത്തിന്റെ ഹൈലാൻഡ് പാർക്ക് ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് ഹോർവിച്ചിന് ചികിത്സകൾ നൽകിയത്. ഈ പ്രായത്തിലുള്ള പല രോഗികളും ശസ്ത്രക്രിയ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് സമ്മതിക്കുകയായിരുന്നുവെന്ന് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. കാതറിൻ പെസ്സെ പറഞ്ഞു.
എൻഡോക്രൈൻ തെറാപ്പി ആണ് ആദ്യം നൽകിയ ഓപ്ഷൻ. ഇത് സ്തനാർബുദത്തിന്റെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കും. രണ്ടാമത്തെ ഓപ്ഷൻനായിരുന്നു ശസ്ത്രക്രിയ എന്നും ഡോ. കാതറിൻ പെസ്സെ പറഞ്ഞു.
ഹോർവിച്ചിന് വിജയകരമായ ലംപെക്ടമി ശസ്ത്രക്രിയ നടത്തുകയായിരുന്നു. കീമോതെറാപ്പിയോ തുടർന്നുള്ള റേഡിയേഷൻ സെഷനോ ആവശ്യമില്ലായിരുന്നു. ഇത് അസാധാരണമാണെന്ന് ഡോ. കാതറിൻ പറയുന്നു.
അടുത്തിടെ, ലെയ്ൻ തന്റെ 101-ാം ജന്മദിനം ആഘോഷിക്കുക ചെയ്തു. ഈ അടുത്ത കാലത്താണ് ലെയ്ൻ ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുകയും ചെയ്തു. അവർ സ്വതന്ത്രമായി ജീവിതം തുടരുകയും മൂന്ന് പെൺമക്കൾ, ഏഴ് പേരക്കുട്ടികൾ എന്നിവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. 92 വയസ്സ് വരെ അവർ സജീവമായി ടെന്നീസ് കളിച്ചിരുന്നു. ഇപ്പോഴും വ്യായാമം ചെയ്തും ചിട്ടയായ ജീവിതശെെലിയിലൂടെയും ലെയ്ൻ ആരോഗ്യം നിലനിർത്തുന്നു.
സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. സ്തനങ്ങളിലെ ക്യാൻസർ കോശങ്ങൾ പെരുകി ട്യൂമറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒരു ട്യൂമർ സ്തനത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. സ്തനകോശങ്ങൾ പരിവർത്തനം ചെയ്യപ്പെടുകയും വിഭജിച്ച് പെരുകി ട്യൂമറുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാൻസർ കോശങ്ങളായി മാറുമ്പോഴാണ് സ്തനാർബുദം സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.