ടെൽ അവിവ്: അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
യുഎസിൻ്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. എന്താണ് ഇറാന്‍റെ അടുത്ത നീക്കമെന്ന് നിരീക്ഷിക്കുകയാണ് ഇസ്രയേൽ. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം. അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം. ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 7.30 ന് ട്രംപ് യുഎസ് ജനതയെ അഭിസംബോധന ചെയ്യും. ബിടു ബോംബറുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.
ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ പങ്കാളികളാകണമോ എന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കും എന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇറാന്‍റെ അടുത്ത നീക്കം എന്തെന്ന് ഇപ്പോൾ വ്യക്തമല്ല. ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ മാത്രമേ അടുത്ത നടപടികൾ ആലോചിക്കൂ എന്നാണ് ട്രംപ് നിലവിൽ അറിയിച്ചിട്ടുള്ളത്.